വാഷിംഗ്ടണ്‍ – ഫലസ്തീനികളാണെന്ന് തെറ്റിദ്ധരിച്ച് അധിനിവിഷ്ട ഫലസ്തീനിലെ രണ്ടു ജൂതകുടിയേറ്റക്കാരെ വെടിവെച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച അമേരിക്കന്‍ വംശജനും ഫലസ്തീനിലെ കുടിയേറ്റക്കാരനുമായ ജൂതവിശ്വാസിയെ യു.എസ് പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്കന്‍ സംസ്ഥാനമായ ഫ്‌ളോറിഡയില്‍ ഇന്നലെയാണ് സംഭവം. കാറില്‍ സഞ്ചരിക്കുകയായിരുന്നു രണ്ടു ഇസ്രായിലികളെ വെടിവെച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച ആയുധധാരി മൊര്‍ദെചായ് ബ്രാഫ്മാന്‍ ആണ് അറസ്റ്റിലായത്.
കാറിലുള്ളവര്‍ ഫലസ്തീനികളാണെന്ന് കരുതിയാണ് ആക്രമണം നടത്തിയതെന്ന് പ്രതി സമ്മതിച്ചു. ഫ്‌ളോറിഡയിലെ മിയാമി ബീച്ചില്‍ വെച്ച് ഇസ്രായിലികളുടെ കാറിനു നേരെ അക്രമി 17 തവണയാണ് നിറയൊഴിച്ചത്. വെടിയേറ്റ ശേഷം ജൂതകുടിയേറ്റക്കാര്‍ കാറില്‍ രക്ഷപ്പെടുന്നതിന്റെയും പരിഭ്രാന്തരായി റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ പ്രവേശിച്ച് ആംബുലന്‍സിനെ വിളിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോകള്‍ പുറത്തുവന്നു. ഇവരില്‍ ഒരാളുടെ വസ്ത്രത്തില്‍ രക്തം പുരണ്ടിരുന്നു.
പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തിയാണ് അക്രമിയായ അമേരിക്കന്‍ വംശജനായ ജൂതനെ അറസ്റ്റ് ചെയ്തത്. ചെറിയ ട്രക്ക് ഓടിക്കുമ്പോള്‍ രണ്ട് ഫലസ്തീനികളെ കാറില്‍ കണ്ടതായും കൊലപ്പെടുത്താന്‍ ശ്രമിച്ച് അവര്‍ക്കു നേരെ താന്‍ നിറയൊഴിച്ചതായും ഇരുവരെയും തനിക്ക് അറിയില്ലെന്നും അന്വേഷണോദ്യോഗസ്ഥര്‍ക്കു മുന്നില്‍ പ്രതി സമ്മതിച്ചു. പ്രദേശത്ത് പ്ലംബറായി ജോലി ചെയ്യുകയാണ് അക്രമി. ഇസ്രായിലില്‍ നിന്ന് ഫ്‌ളോറിഡയില്‍ എത്തിയ തന്നെ പോലെയുള്ള രണ്ടു ജൂതകുടിയേറ്റക്കാരെയാണ് താന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് അറിഞ്ഞ് അക്രമി അത്ഭുതപ്പെട്ടു. ആക്രമണത്തെ വിദ്വേഷ കുറ്റകൃത്യമായി കണക്കാക്കുമോ എന്നതിനെ കുറിച്ച് പോലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.