ഗാസ – ദക്ഷിണ ഗാസയിലെ ഖാന്‍ യൂനിസില്‍ ഭക്ഷണം തേടി റിലീഫ് വിതരണ കേന്ദ്രത്തിലെത്തിയവര്‍ക്കു നേരെ ഇസ്രായില്‍ സൈന്യം ഇന്ന് നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയി ഉയര്‍ന്നു. വെടിവെപ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടതായി നേരത്തെ അല്‍അഖ്‌സ ടി.വി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
ഗാസയിലെ ഖാന്‍ യൂനിസിന് തെക്കുള്ള അല്‍തീന സ്ട്രീറ്റില്‍ സഹായത്തിനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ഫലസ്തീനികളെ ഇസ്രായില്‍ ഉപരോധിക്കുന്നതായും അല്‍അഖ്‌സ ടി.വി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ഗാസയിലെ മുഴുവന്‍ നിവാസികള്‍ക്കും മൂന്നു മാസത്തേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ തങ്ങളുടെ സ്റ്റോറുകളില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ഇവ ഗാസയിലേക്ക് പ്രവേശിപ്പിക്കാന്‍ ഇസ്രായിലിന്റെ അനുമതിക്ക് കാത്തുനില്‍ക്കുകയാണെന്നും ഐക്യരാഷ്ട്രസഭയുടെ ഫലസ്തീന്‍ അഭയാര്‍ഥി ദുരിതാശ്വാസ, പ്രവര്‍ത്തന ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സാധനങ്ങള്‍ ലഭ്യമാണ്. സംവിധാനങ്ങള്‍ നിലവിലുണ്ട്. ഗേറ്റുകള്‍ തുറന്ന് ഉപരോധം നീക്കി യു.എന്‍ റിലീഫ് ഏജന്‍സിക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാനും പത്ത് ലക്ഷം കുട്ടികള്‍ ഉള്‍പ്പെടെ ആവശ്യക്കാര്‍ക്ക് സഹായം നല്‍കാനും അവസരം നല്‍കണമെന്ന് ഏജന്‍സി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.