തെല്‍അവീവ് – ഇന്നു പുലര്‍ച്ചെ ഹൂത്തി മിലീഷ്യകള്‍ യെമനില്‍ നിന്ന് ഇസ്രായിലിലേക്ക് തൊടുത്തുവിട്ട മിസൈല്‍ തകര്‍ത്തതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പതിവുള്ളതുപോലെ ഇസ്രായിലിലെ പല പ്രദേശങ്ങളിലും വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങിയതായും സൈന്യം കൂട്ടിച്ചേര്‍ത്തു.
ഇറാന്‍ സഖ്യകക്ഷിയായ ഹൂത്തികള്‍ ഇസ്രായിലിനെതിരെ ആക്രമണം തുടരുകയാണെങ്കില്‍ നാവിക, വ്യോമ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ഇസ്രായില്‍ യെമനിലെ ഹൂത്തികളെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഗാസയോടുള്ള ഐക്യദാര്‍ഢ്യ പ്രകടനമായാണ് ഇസ്രായിലിനെതിരെ മിസൈല്‍ ആക്രമണം നടത്തുന്നതെന്ന് ഹൂത്തികള്‍ പറയുന്നു.
2023 ഒക്ടോബറില്‍ ഗാസയില്‍ യുദ്ധം ആരംഭിച്ച ശേഷം, ഹൂത്തികള്‍ ഇസ്രായിലിനെയും ചെങ്കടലില്‍ കപ്പല്‍ ഗതാഗതത്തെയും ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇത് ആഗോള വ്യാപാരത്തെ തടസ്സപ്പെടുത്തി. ഇസ്രായിലിനു നേരെ ഹൂത്തികള്‍ തൊടുത്തുവിട്ട ഡസന്‍ കണക്കിന് മിസൈലുകളിലും ഡ്രോണുകളിലും ഭൂരിഭാഗവും ഇസ്രായില്‍ സൈന്യം തടഞ്ഞു. മറ്റു പല മിസൈലുകള്‍ക്കും ഡ്രോണുകള്‍ക്കും ലക്ഷ്യങ്ങളില്‍ ആക്രമണം നടത്താന്‍ സാധിച്ചില്ല.
ഹൂത്തികളുടെ ആക്രമണത്തിന് തിരിച്ചടിയായി സന്‍ആ എയര്‍പോര്‍ട്ടും അല്‍ഹുദൈദ തുറമുഖവും എണ്ണ സംഭരണ കേന്ദ്രങ്ങളും സൈനിക കേന്ദ്രങ്ങളും അടക്കം ഹൂത്തി കേന്ദ്രങ്ങളില്‍ ഇസ്രായില്‍ നിരവധി പ്രതികാര ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.