തെല്‍അവീവ് – തെക്കന്‍ ലെബനോനില്‍ നടന്ന ഏറ്റുമുട്ടലിനിടെ ഒരു ഹിസ്ബുള്ള പ്രവര്‍ത്തകനെ തങ്ങളുടെ സൈനികര്‍ അറസ്റ്റ് ചെയ്തതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. തുടര്‍ന്ന് ചോദ്യം ചെയ്യലിനായി ഇയാളെ ഇസ്രായിലിലേക്ക് മാറ്റി. ഹിസ്ബുല്ല പോരാളികളുമായി ഇസ്രായില്‍ സൈന്യം ഏറ്റുമുട്ടിയ ബിന്‍ത് ജെബെയില്‍ പ്രദേശത്തു നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. യുദ്ധത്തിലുടനീളം ഇസ്രായില്‍ സേനക്കും ഇസ്രായിലിലെ പൗരന്മാര്‍ക്കും എതിരെ പോരാടുന്നതിന്റെ ചുമതലയുള്ള ഹിസ്ബുല്ലയുടെ റദ്‌വാന്‍ സേനയില്‍ പെട്ടയാളാണ് അറസ്റ്റിലായതെന്ന് സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. രണ്ടാഴ്ച മുമ്പ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും, തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ ഇടക്കിടെ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. ഹിസ്ബുള്ള കേന്ദ്രങ്ങളും പ്രവര്‍ത്തകരെയും ലക്ഷ്യമിട്ടാണ് ആക്രമണങ്ങള്‍ നടത്തുന്നതെന്ന് ഇസ്രായില്‍ അവകാശപ്പെടുന്നു. വെടിനിര്‍ത്തല്‍ ലംഘിച്ചതായി ഇരുപക്ഷവും പരസ്പരം ആരോപിക്കുന്നു.
ഫെബ്രുവരി 28 ന് ഇറാനില്‍ നടന്ന ആദ്യ യു.എസ്, ഇസ്രായില്‍ ആക്രമണങ്ങളില്‍ ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇ കൊല്ലപ്പെട്ടതിന് പ്രതികാരമായി മാര്‍ച്ച് 2 ന് ഹിസ്ബുല്ല ഇസ്രായിലിനെതിരെ റോക്കറ്റുകള്‍ വിക്ഷേപിച്ചതോടെ ലെബനോനും യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെട്ടു. മൂന്ന് മാസത്തിലേറെ നീണ്ടുനിന്ന പോരാട്ടത്തില്‍ ഇസ്രായില്‍ വന്‍തോതില്‍ വ്യോമാക്രമണവും കര ആക്രമണവും നടത്തി. ആവര്‍ത്തിച്ചുള്ള ഒഴിപ്പിക്കല്‍ മുന്നറിയിപ്പുകള്‍ നല്‍കി. സംഘര്‍ഷത്തില്‍ ഏകദേശം 4,300 പേര്‍ കൊല്ലപ്പെടുകയും തെക്കന്‍ ലെബനോനില്‍ നിന്നും ബെയ്‌റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ നിന്നും പത്തു ലക്ഷത്തിലധികം പേര്‍ കുടിയിറക്കപ്പെടുകയും ചെയ്തു. ഇസ്രായിലിന്റെ ഭാഗത്ത് 38 സൈനികരും സിവിലിയന്‍ കോണ്‍ട്രാക്ടറും കൊല്ലപ്പെട്ടു.
ജൂണ്‍ 17 ന് ഇറാനും അമേരിക്കയും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രം ജൂണ്‍ 21 മുതല്‍ ലെബനോനില്‍ ദുര്‍ബലമായ വെടിനിര്‍ത്തലിന് സഹായകമായി. ജൂണ്‍ 26 ന് അമേരിക്കയില്‍ വെച്ച് ലെബനോനും ഇസ്രായിലും തമ്മില്‍ ഒരു ചട്ടക്കൂട് കരാറിലെത്തി. ഹിസ്ബുല്ലയെ നിരായുധീകരിക്കണമെന്നും തെക്കന്‍ ലെബനോനില്‍ പൈലറ്റ് സോണുകള്‍ ആരംഭിച്ച് ലെബനീസ് സൈന്യത്തെ വിന്യസിക്കുന്ന മുറക്ക് ഇസ്രായില്‍ സൈന്യം പിന്മാറുമെന്നും കരാര്‍ വ്യവസ്ഥ ചെയ്യുന്നു.



