വാഷിംഗ്ടണ്‍ – ഇറാഖ് മരുഭൂമിയിലെ രണ്ടാമതൊരു രഹസ്യ സൈനിക താവളം കൂടി ഇറാനെതിരായ യുദ്ധത്തിന് ഇസ്രായില്‍ ഉപയോഗപ്പെടുത്തിയതായി ന്യൂയോര്‍ക്ക് ടൈംസ് വെളിപ്പെടുത്തി. പടിഞ്ഞാറന്‍ ഇറാഖിലെ മരുഭൂമിയില്‍ രണ്ടാമത്തെ രഹസ്യ സൈനിക താവളം ഇസ്രായില്‍ ഉപയോഗപ്പെടുത്തിയെന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഇറാനുമായുള്ള യുദ്ധത്തില്‍ ഇറാഖിലെ രഹസ്യ താവളങ്ങള്‍ ഇസ്രായില്‍ ഉപയോഗിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വ്യാപകമായ വിവാദങ്ങള്‍ക്ക് കാരണമായി. 2025 ജൂണില്‍ അമേരിക്കയും ഇസ്രായിലും ഒരു വശത്തും മറുവശത്ത് ഇറാനും തമ്മിലുള്ള യുദ്ധത്തിനിടെ രണ്ടാമത്തെ രഹസ്യ താവളം ഇസ്രായില്‍ ഉപയോഗിച്ചതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
യുദ്ധത്തിന് മുമ്പ് ഈ താവളം നിലവിലുണ്ടായിരുന്നെന്ന് പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭാവിയില്‍ ഏതെങ്കിലും സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെടുകയാണെങ്കില്‍ ഉപയോഗിക്കാനുള്ള കേന്ദ്രങ്ങളായി വര്‍ത്തിക്കാനായി 2024 അവസാനത്തോടെ ഇസ്രായില്‍ സൈന്യം ഇറാഖിനുള്ളിലെ വിദൂര സ്ഥലങ്ങള്‍ ഒരുക്കാന്‍ തുടങ്ങി.
വ്യോമ പിന്തുണ, ഇന്ധനം നിറക്കല്‍, വൈദ്യസഹായം എന്നിവ നല്‍കാനും ഇസ്രായില്‍ വിമാനങ്ങള്‍ക്ക് ഇറാന്‍ ഭൂപ്രദേശത്ത് ആഴത്തില്‍ എത്താനുള്ള ദൂരം കുറക്കാനും ഈ സ്ഥലം ഉപയോഗിച്ചു. കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന 12 ദിവസത്തെ യുദ്ധത്തില്‍ ഇറാനെതിരായ ഇസ്രായിലിന്റെ ആക്രമണ പദ്ധതിയില്‍ ഈ താവളം നിര്‍ണായക പങ്ക് വഹിച്ചതായി പ്രാദേശിക സുരക്ഷാ വൃത്തങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ യുദ്ധത്തിലും നിലവിലെ സംഘര്‍ഷത്തിലും അമേരിക്കന്‍ വിമാനങ്ങളെ സംരക്ഷിക്കാനായി ഇറാഖി റഡാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ അമേരിക്ക ഇറാഖിനെ നിര്‍ബന്ധിച്ചതായി രണ്ട് ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രസ്താവന. ഇത് ഇറാഖിന്റെ വ്യോമാതിര്‍ത്തി നിരീക്ഷിക്കാനും ശത്രുതാപരമായ നീക്കങ്ങള്‍ കണ്ടെത്താനും അമേരിക്കന്‍ സേനയെ കൂടുതല്‍ ആശ്രയിക്കാന്‍ ഇറാഖിനെ പ്രേരിപ്പിച്ചു.
അതേസമയം, ഇറാഖ് ഭൂപ്രദേശത്തിനുള്ളില്‍ ഇസ്രായിലി സൈനിക താവളങ്ങളുടെ സാന്നിധ്യത്തെ കുറിച്ച് ഇറാഖിന് ഒരു വിവരവും ഇല്ലെന്ന് ഇറാഖ് സുരക്ഷാ സേനാ വക്താവ് മേജര്‍ ജനറല്‍ സഅദ് മഅന്‍ പറഞ്ഞു. കഴിഞ്ഞ മെയ് മാസത്തില്‍, നജഫ് മരുഭൂമിയില്‍ ലാന്‍ഡിംഗ് ഓപ്പറേഷന്‍ നടത്തിയ സൈന്യം ഇസ്രായിലികളാണെന്നും അവരുടെ പക്കല്‍ അമേരിക്കന്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നെന്നും കര്‍ബല ഓപ്പറേഷന്‍സ് കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ അലി അല്‍ഹാഷ്മി വെളിപ്പെടുത്തിയതോടെയാണ് ഇറാഖിലെ രഹസ്യ ഇസ്രായില്‍ സൈനിക താവളത്തെ കുറിച്ച വിവാദം ആരംഭിക്കുന്നത്.
2026 മാര്‍ച്ചില്‍ തങ്ങളുടെ സൈന്യം തിരിച്ചറിയാത്ത സായുധ ഗ്രൂപ്പുകളുമായി ഏറ്റുമുട്ടുകയും അവരെ പിന്‍വാങ്ങാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായി ഇറാഖ് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. നജഫ്, കര്‍ബല മരുഭൂമികളും പരിസര പ്രദേശങ്ങളും സുരക്ഷിതമാക്കുന്നതിന് ഓപ്പറേഷന്‍ ഇംപോസിംഗ് സോവറിനിറ്റി ആരംഭിച്ചതോടൊപ്പം, രാജ്യത്തിനുള്ളില്‍ അനധികൃത വിദേശ താവളങ്ങളോ സേനകളോ ഇല്ലെന്ന് ഇറാഖ് സര്‍ക്കാര്‍ സ്ഥിരീകരിച്ചു.



