റാമല്ല – അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്കൊപ്പം ഒലീവ് വിളവെടുപ്പില്‍ പങ്കെടുക്കാന്‍ എത്തിയ രണ്ട് അമേരിക്കന്‍ വനിതാ ജൂത വളണ്ടിയര്‍മാരെ നാടുകടത്താന്‍ ഇസ്രായില്‍ ഉത്തരവിട്ടു. ഇരുവരുടെയും യാത്രക്ക് സൗകര്യമൊരുക്കിയ എന്‍.ജി.ഒകളാണ് വിവരം അറിയിച്ചത്. വടക്കന്‍ വെസ്റ്റ് ബാങ്കിലെ ബൂറിന്‍ ഗ്രാമത്തില്‍ എത്തുന്നതിനു മുമ്പായി രണ്ട് അമേരിക്കന്‍ വനിതകള്‍ ഉള്‍പ്പെടെ 11 പേരെ ഇസ്രായില്‍ സൈന്യം കസ്റ്റഡിയിലെടുത്തെന്ന് എന്‍.ജി.ഒകളായ ഇന്റര്‍നാഷണല്‍ സോളിഡാരിറ്റി വിത്ത് ദി യുണൈറ്റഡ് നേഷന്‍സും റാബിസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സും വ്യക്തമാക്കി.
ഒലീവ് വിളവെടുപ്പിനിടെ സാധാരണയായി ഫലസ്തീനികള്‍ ഉപയോഗിക്കുന്ന പ്രദേശം സൈനിക മേഖലയായി ഇസ്രായില്‍ പ്രഖ്യാപിച്ചിരുന്നു.
ഇതേ തുടര്‍ന്നാണ് സന്നദ്ധപ്രവര്‍ത്തകര്‍ ബദല്‍ വഴിയിലൂടെ പ്രദേശത്തേക്ക് എത്താന്‍ ശ്രമിച്ചത്. ഇവരെ തടഞ്ഞ സൈനികർ ഉത്തരവുകള്‍ പാലിക്കാന്‍ ശ്രമിക്കുന്നതിനിടെ വളണ്ടിയര്‍മാരെ കസ്റ്റഡിയിലെടുക്കുകയായിരുന്നെന്ന് അറിയിച്ചു. സംഘത്തിലെ ഇസ്രായിലി വളണ്ടിയര്‍മാരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു. നാടുകടത്താനുള്ള തീരുമാനം ഇവരെ അറിയിച്ചു.
ഇവരെ നാടുകടത്താനുള്ള തീരുമാനം ഇസ്രായിലിലും ഫലസ്തീനിലും നീതിക്കുവേണ്ടിയുള്ള സമാധാനപരമായ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളെയും ജൂത ശബ്ദങ്ങളെയും നിശബ്ദമാക്കുന്നതാണെന്ന് ഇരു സംഘടനകളും ചൂണ്ടികാട്ടി.
ഒലീവ് വിളവെടുപ്പ് സമയത്ത് ഫലസ്തീനികളെ സഹായിക്കാന്‍ ഇസ്രായിലി, അന്താരാഷ്ട്ര വളണ്ടിയര്‍മാര്‍ സാധാരണയായി എത്തുന്നതാണ്. ഇസ്രായിലി കുടിയേറ്റക്കാര്‍ ഫലസ്തീന്‍ കര്‍ഷകരെ ആക്രമിക്കുന്നതും വിളവെടുപ്പ് തടസ്സപ്പെടുത്തുന്നതും തടയുക എന്ന ലക്ഷ്യത്തോടെ പ്രൊട്ടക്റ്റീവ് എസ്‌കോര്‍ട്ട് എന്നറിയപ്പെടുന്ന ഒരു രീതി അവര്‍ ഉപയോഗിക്കുന്നു. ഈ രീതിക്ക് പരിമിതമായ ഫലപ്രാപ്തി മാത്രമാണുള്ളത്. നിലവിലെ വിളവെടുപ്പ് സീസണ്‍ ഫലസ്തീന്‍ കര്‍ഷകര്‍ നിരവധി ആക്രമണങ്ങള്‍ക്കും സന്നദ്ധപ്രവര്‍ത്തകരും ജൂതകുടിയേറ്റക്കാരും തമ്മിലുള്ള നിരവധി ഏറ്റുമുട്ടലുകള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഫലസ്തീന്‍ കര്‍ഷകര്‍ക്കും അന്താരാഷ്ട്ര വളണ്ടിയര്‍മാര്‍ക്കും നേരെ ജൂതകുടിയേറ്റക്കാര്‍ നടത്തിയ കുറഞ്ഞത് എട്ട് ആക്രമണങ്ങളെങ്കിലും റിപ്പോർട്ട് ചെയ്തിരുന്നു.
ഇത് വരെ ആക്രമണകാരികളെ ഇസ്രായില്‍ സൈന്യം അറസ്റ്റ് ചെയ്തിട്ടില്ല. ഒക്ടോബര്‍ ഏഴു മുതല്‍ പതിമൂന്നു വരെ വിളവെടുപ്പ് സീസണുമായി ബന്ധപ്പെട്ട് വെസ്റ്റ് ബാങ്കിലെ 27 ഗ്രാമങ്ങളില്‍ നടന്ന ആക്രമണങ്ങളാണ് യുഎന്‍ ഓഫീസ് ഫോര്‍ ദി കോ-ഓര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്സ് രേഖപ്പെടുത്തിയത്. റാമല്ലക്കടുത്തുള്ള തുര്‍മസ്അയ പട്ടണത്തില്‍, വിളവെടുപ്പ് തടസ്സപ്പെടുത്താന്‍ എത്തിയ മുഖംമൂടി ധരിച്ച കുടിയേറ്റക്കാരുമായുള്ള ഏറ്റുമുട്ടലില്‍ സ്വീഡിഷ് വളണ്ടിയരുടെ കാലും കൈയും ഒടിഞ്ഞതായി പ്രാദേശിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബൂറിന്‍ ഗ്രാമത്തില്‍ ഒക്ടോബര്‍ ആദ്യം ക്ലോസ്ഡ് സൈനിക മേഖല ഉത്തരവ് ലംഘിച്ചു എന്ന് ആരോപിച്ച് 30 ലേറെ വിദേശ വളണ്ടിയര്‍മാരെയും നാടുകടത്തിയിരുന്നു.
ഫലസ്തീന്‍ കര്‍ഷകര്‍ക്കും വളണ്ടിയര്‍മാര്‍ക്കും നേരെയുള്ള ആക്രമണങ്ങളെ യു.എന്‍ മനുഷ്യാവകാശ ഓഫീസ് മേധാവി അജിത് സംഗേ ശക്തമായി എതിർത്തു. പ്രതികൾക്കെതിരെ നടപടി എടുക്കാത്തതിൽ അജിത് സംഗേ ഖേദം പ്രകടിപ്പിച്ചു. 2021 ലെ കാര്‍ഷിക സെന്‍സസ് പ്രകാരം ഏകദേശം 30 ലക്ഷം ഫലസ്തീനികളുടെ 80 ലക്ഷത്തിലധികം ഒലീവ് മരങ്ങള്‍ വെസ്റ്റ് ബാങ്കിലുണ്ട്. 1967 മുതല്‍ ഇസ്രായില്‍ കൈവശപ്പെടുത്തിയ വെസ്റ്റ് ബാങ്കില്‍ നിലവില്‍ അഞ്ചു ലക്ഷത്തോളം ഇസ്രായിലി കുടിയേറ്റക്കാര്‍ ജൂതകുടിയേറ്റ കോളനികളില്‍ താമസിക്കുന്നു.



