തെല്‍അവീവ്– അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ 19 പുതിയ ജൂതകുടിയേറ്റ കോളനികള്‍ നിര്‍മ്മിക്കാനും നിയമവിധേയമാക്കാനും ധനമന്ത്രിയും ജൂതകുടിയേറ്റ കോളനികാര്യ മന്ത്രിയുമായ ബെസലേല്‍ സ്‌മോട്രിച്ച് സമര്‍പ്പിച്ച പദ്ധതിക്ക് ഇസ്രായില്‍ സുരക്ഷാ മന്ത്രിസഭ അംഗീകാരം നല്‍കി. ഗാസയില്‍ നിന്നും വടക്കന്‍ വെസ്റ്റ് ബാങ്കില്‍ നിന്നുമുള്ള പിന്‍വാങ്ങല്‍ പദ്ധതിയുടെ ഭാഗമായി 2005 ല്‍ ഇസ്രായില്‍ പിന്‍വാങ്ങിയ പ്രദേശങ്ങളിലെ കുടിയേറ്റ കോളനികള്‍ പുനഃസ്ഥാപിക്കുന്നതും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഈ കുടിയേറ്റ കോളനികളില്‍ ചിലത് വെസ്റ്റ് ബാങ്കിന്റെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. മറ്റുള്ളവ വടക്കും തെക്കും ഭാഗത്തും ജറൂസലമിലും വരെ വ്യാപിച്ചുകിടക്കുന്നു.
വടക്കന്‍ വെസ്റ്റ് ബാങ്കിലെ ജെനിന് സമീപം സ്ഥിതി ചെയ്യുന്ന ഗാനിം, കാഡിം കുടിയേറ്റ കോളനികളുടെ പുനര്‍നിര്‍മ്മാണത്തിന് അംഗീകാരം ലഭിച്ചു. മാസങ്ങള്‍ക്ക് മുമ്പ് ഇതേ പ്രദേശത്തെ കുടിയേറ്റ കോളനികളായ ഹോമേഷ്, സനൂര്‍ എന്നിവയുടെ നിര്‍മ്മാണത്തിനും അംഗീകാരം നല്‍കിയിരുന്നു. 2005 ല്‍ ഹോമേഷ്, സനൂര്‍ കുടിയേറ്റ കോളനികള്‍ ഒഴിപ്പിക്കുകയായിരുന്നു. വടക്കന്‍ വെസ്റ്റ് ബാങ്കിലേക്കുള്ള കുടിയേറ്റ കോളനികളുടെ പൂര്‍ണമായ തിരിച്ചുവരവ് ഇതോടെ പൂര്‍ത്തിയാകും. വെസ്റ്റ് ബാങ്കില്‍ 22 പുതിയ കുടിയേറ്റ കോളനികള്‍ നിര്‍മ്മിക്കാനും നിയമവിധേയമാക്കാനുമുള്ള സമാനമായ പദ്ധതിക്ക് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇസ്രായില്‍ മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. പുതിയ പദ്ധതി പ്രകാരം, ഈ കുടിയേറ്റ കോളനികള്‍ സ്ഥാപിക്കാനുള്ള രാഷ്ട്രീയ തീരുമാനം നടപ്പാക്കാനായി ഓരോ കുടിയേറ്റ കോളനിക്കും നിയുക്തമാക്കിയ പ്രദേശങ്ങള്‍ക്കായി ത്വരിതപ്പെടുത്തിയ ആസൂത്രണവും സാങ്കേതിക തയാറെടുപ്പ് പ്രക്രിയയും ആരംഭിക്കും.
2005 ല്‍ ഗാസയില്‍ നിന്നും വടക്കന്‍ വെസ്റ്റ് ബാങ്കില്‍ നിന്നും പിന്മാറുമ്പോള്‍ കനത്ത തിരിച്ചടി നേരിട്ട കുടിയേറ്റ പദ്ധതിക്ക് ചരിത്രപരമായ തിരുത്തലായിട്ടാണ് ഈ നീക്കത്തെ കാണുന്നതെന്ന് തീവ്ര വലതുപക്ഷ ഇസ്രായിലി ചാനല്‍ 14 പറഞ്ഞു. 20 വര്‍ഷം മുമ്പ് വീടുകള്‍ പൊളിച്ചുമാറ്റിയ കുടുംബങ്ങള്‍ക്ക് ചരിത്രപരമായ നീതി സാക്ഷാല്‍ക്കരിക്കുന്നതിന്റെ തുടക്കമാണിത്. മാത്രമല്ല, മുഴുവന്‍ ഇസ്രായില്‍ രാഷ്ട്രത്തിനും ഇത് നല്ലതും പ്രധാനപ്പെട്ടതുമായ വാര്‍ത്തയാണെന്നും ഇവർ വ്യക്തമാക്കി. കൊളോണിയല്‍ കുടിയേറ്റ പദ്ധതിക്ക് അനുകൂലമായി ഫലസ്തീന്‍ ഭൂമിശാസ്ത്രത്തെ ഉന്മൂലനം ചെയ്യാനുള്ള മത്സരത്തിന്റെ ഭാഗമാണ് പുതിയ ഇസ്രായിലി തീരുമാനമെന്ന് കോളനൈസേഷന്‍ ആന്റ് വാള്‍ റെസിസ്റ്റന്‍സ് കമ്മീഷന്‍ തലവനും മന്ത്രിയുമായ മുഅയ്യദ് ശഅബാന്‍ പറഞ്ഞു. ഫലസ്തീന്‍ ഭൂമി പിടിച്ചെടുക്കല്‍, വര്‍ണവിവേചനം, ഫലസ്തീന്‍ പ്രദേശത്തിന്റെ സമ്പൂര്‍ണ ജൂതവല്‍ക്കരണം എന്നിവ ശക്തമാക്കാനുള്ള ഇസ്രായില്‍ ഗവണ്‍മെന്റിന്റെ യഥാര്‍ഥ ഉദ്ദേശ്യങ്ങള്‍ വെളിപ്പെടുത്തുന്ന അപകടകരമായ നീക്കമാണിതെന്നും മുഅയ്യദ് ശഅബാന്‍ വ്യക്തമാക്കി.
വെസ്റ്റ് ബാങ്കിലെ ജൂതകുടിയേറ്റ കോളനികള്‍ വികസിപ്പിക്കാനായി സ്‌മോട്രിച്ച് പ്രവര്‍ത്തിക്കുന്നതായി ഇസ്രായിലി പത്രമായ യെദിയോത്ത് അഹരോനോത്ത് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2026 ലെ പുതിയ ബജറ്റില്‍ ഇതിനായി ബില്യണ്‍ കണക്കിന് ഷെക്കല്‍ വരുന്ന വന്‍ തുക അനുവദിച്ചിട്ടുണ്ടെന്ന് പത്രം പറഞ്ഞു. പുതിയ കുടിയേറ്റ കോളനികള്‍ സ്ഥാപിച്ചും നിലവിലുള്ള സെറ്റില്‍മെന്റുകള്‍ നിയമവിധേയമാക്കിയും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയും പുതിയ റോഡുകള്‍ നിര്‍മ്മിച്ചും മെഡിക്കല്‍, വിദ്യാഭ്യാസ, സാംസ്‌കാരിക സ്ഥാപനങ്ങള്‍ സ്ഥാപിച്ചും ജൂതകുടിയേറ്റത്തിന്റെ ഭൂപ്രകൃതി മാറ്റാനാണ് ലക്ഷ്യമിടുന്നത്. വടക്കന്‍ വെസ്റ്റ് ബാങ്കിലെ കുടിയേറ്റ കോളനികള്‍ പുനഃസ്ഥാപിക്കാനാണ് സ്‌മോട്രിച്ചിന്റെ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പത്രം പറഞ്ഞു. മാറ്റിസ്ഥാപിച്ച സൈനിക താവളങ്ങള്‍ ഗ്രീന്‍ ലൈനിനുള്ളില്‍ പുനഃസ്ഥാപിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. വടക്കന്‍ വെസ്റ്റ് ബാങ്കില്‍ നിന്ന് ഒഴിപ്പിക്കപ്പെട്ട ജൂതകുടിയേറ്റ കോളനികളിലേക്ക് താമസക്കാരെ തിരികെ കൊണ്ടുവരാനും അവിടെ സ്ഥിരമായ ജൂത സാന്നിധ്യം ഉറപ്പാക്കാനും പത്തു ലക്ഷം ജൂതകുടിയേറ്റക്കാരെ വെസ്റ്റ് ബാങ്കിലേക്ക് മാറ്റാനുള്ള പദ്ധതിയെ പിന്തുണക്കാനും കുടിയേറ്റ നേതാക്കള്‍ ശ്രമിക്കുന്നുണ്ടെന്നും ഇവർ കൂട്ടിച്ചേര്‍ത്തു.
കുടിയേറ്റക്കാരുടെ പ്രയോജനത്തിനായി വെസ്റ്റ് ബാങ്കിലെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ തന്റെ പദ്ധതി നടപ്പാക്കാനായി സ്‌മോട്രിച്ച് ഏകദേശം 270 കോടി ഷെക്കല്‍ അനുവദിച്ചു. നേരിട്ടുള്ള കുടിയേറ്റ കോളനി വിപുലീകരണത്തിനായി 110 കോടി ഷെക്കല്‍, പുതിയ സെറ്റില്‍മെന്റുകള്‍ സ്ഥാപിക്കുന്നതിന് 66 കോടി ഷെക്കല്‍, 36 സെറ്റില്‍മെന്റുകളും ഔട്ട്പോസ്റ്റുകളും വ്യവസ്ഥാപിതമാക്കുന്നതിനും നിയമവിധേയമാക്കുന്നതിനും 33.8 കോടി ഷെക്കല്‍, പഴയ സെറ്റില്‍മെന്റുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ പുനരുദ്ധരിപ്പിക്കുന്നതിന് 43.4 കോടി ഷെക്കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
യു.എന്‍ നിരീക്ഷണം ആരംഭിച്ചതിനുശേഷം സെറ്റില്‍മെന്റ് പദ്ധതികളുടെ ഏറ്റവും വലിയ വിപുലീകരണം 2025 ല്‍ ഉണ്ടായതായി യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഈ പദ്ധതികള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും പശ്ചിമേഷ്യന്‍ പ്രശ്‌നത്തിന് നീതിയുക്തവും ശാശ്വതവുമായ രാഷ്ട്രീയ പരിഹാരം കൈവരിക്കാനുള്ള സാധ്യതകളെ ഭീഷണിപ്പെടുത്തുന്നതായും യു.എന്‍ സെക്രട്ടറി ജനറല്‍ ആവര്‍ത്തിച്ചു.
2023 ല്‍ തന്റെ നിലവിലെ വലതുപക്ഷ ഗവണ്‍മെന്റ് രൂപീകരിക്കുമ്പോള്‍, സ്‌മോട്രിച്ച്, ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ തുടങ്ങിയ തീവ്രവാദ കുടിയേറ്റക്കാരുടെ പിന്തുണ ഉറപ്പാക്കാന്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വടക്കന്‍ വെസ്റ്റ് ബാങ്കിലെ ജൂതകുടിയേറ്റ കോളനികള്‍ പുനഃസ്ഥാപിക്കുന്ന വിഷയം തുറുപ്പുചീട്ടായി ഉപയോഗിച്ചു. സഖ്യ സര്‍ക്കാര്‍ രൂപീകരിച്ചതിന് തൊട്ടുപിന്നാലെ, വെസ്റ്റ് ബാങ്കിലെ ജൂതകുടിയേറ്റ കോളനികള്‍ പുനഃസ്ഥാപിക്കാന്‍ ഇസ്രായില്‍ പാര്‍ലമെന്റ് വോട്ട് ചെയ്തു.



