വെസ്റ്റ് ബാങ്ക്: വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർത്ഥി ക്യാമ്പിന് സമീപം ഉന്നത അന്താരാഷ്ട്ര സംഘത്തിനു നേരെ വെടിയുതിർത്ത് ഇസ്രായിൽ സൈന്യം. യൂറോപ്യൻ, ഏഷ്യൻ, അറബ് രാജ്യങ്ങളിൽ നിന്നുള്ള 30-ഓളം നയതന്ത്ര പ്രതിനിധികളും അംബാസഡർമാരും കോൺസൽമാരും അടങ്ങുന്ന സംഘത്തിനു നേരെയാണ് സൈന്യം ‘മുന്നറിയിപ്പ് വെടി’ വെച്ചത്. വെടിയൊച്ച കേട്ട് ഭയന്ന പ്രതിനിധി സംഘം ചിതറിയോടി.
സംഭവത്തിൽ ഫ്രാൻസ്, ഇറ്റലി രാജ്യങ്ങൾ ഇസ്രായിൽ അംബാസഡർമാരെ വിളിച്ചുവരുത്തി വിശദീകരണം തേടി. ഉന്നത സംഘത്തിനു നേരെയുള്ള വെടിവെപ്പ് അന്താരാഷ്ട്ര സമൂഹത്തിൽ വൻ വിമർശനങ്ങൾക്ക് വഴിവച്ചതോടെ ഇസ്രായിൽ സൈന്യം മാപ്പുപറഞ്ഞു.
ജെനിനിൽ അനധികൃത ജൂത കുടിയേറ്റക്കാർക്കു വേണ്ടി ഇസ്രായിൽ ഫലസ്തീനികളുടെ വീടുകൾ വ്യാപകമായി പൊളിച്ചു നീക്കുന്നതിന്റെ നിജസ്ഥിതി അറിയാൻ ഫലസ്തീൻ അതോറിറ്റിയുടെ ക്ഷണപ്രകാരം എത്തിയതായിരുന്നു അന്താരാഷ്ട്ര സംഘം. ഫ്രാൻസ്, യുകെ, കാനഡ, ഇറ്റലി, ചൈന, ജപ്പാൻ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് 2 മണിയോടെ, പ്രതിനിധികൾ ജെനിൻ അഭയാർത്ഥി ക്യാമ്പിന്റെ കിഴക്കൻ പ്രവേശന കവാടത്തിന് സമീപമെത്തിയപ്പോൾ ഇസ്രായിൽ സൈന്യം വെടിയുതിർക്കുകയായിരുന്നു. വെടിയൊച്ച കേട്ട് പ്രതിനിധികൾ പരിഭ്രാന്തരായി വാഹനങ്ങളിലേക്ക് ഓടിക്കയറി. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
അന്താരാഷ്ട്ര സംഘത്തിന്റെ സന്ദർശനത്തിന് മുൻകൂർ അനുമതി നൽകിയിരുന്നെങ്കിലും പ്രതിനിധികൾ നിർദിഷ്ട പാതയിൽ നിന്ന് വ്യതിചലിച്ചപ്പോൾ മുന്നറിയിപ്പ് നൽകാൻ വേണ്ടിയാണ് സൈനികർ വെടിവെച്ചതെന്ന് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) പുറത്തിറക്കിയ പ്രസ്താവനയിൽ അവകാശപ്പെട്ടു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ഐഡിഎഫിന്റെ വെസ്റ്റ് ബാങ്ക് ഡിവിഷൻ മേധാവി ബ്രിഗേഡിയർ ജനറൽ യാക്കി ഡോൾഫ് ഒരു ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു. ‘സംഭവത്തെ തുടർന്നുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നു’ എന്നും അതത് രാജ്യങ്ങളുമായി ബന്ധപ്പെടുമെന്നും ഐഡിഎഫ് പറഞ്ഞു.
അന്താരാഷ്ട്ര പ്രതിനിധികളെ പരിഭ്രാന്തരാക്കിയ സംഭവം ഹീനമായ കുറ്റകൃത്യവും അന്താരാഷ്ട്ര നിയമങ്ങളോടുള്ള അവഗണനയുമാണെന്ന് ഫലസ്തീൻ അതോറിറ്റി വിമർശിച്ചു. ഫ്രാൻസും ഇറ്റലിയും ഇസ്രായിൽ അംബാസഡർമാരെ വിളിച്ചുവരുത്തി വിശദീകരണം തേടി. ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ-നോയൽ ബാരോട്ട്, ഇസ്രായേൽ അംബാസഡറെ പാരിസിലും ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അന്റോണിയോ താജാനി, റോമിലെ ഇസ്രായേൽ അംബാസഡറെയും വിളിച്ചു വരുത്തി വിശദീകരണം ആവശ്യപ്പെട്ടു.
ഈ വർഷം ജനുവരി 21 മുതൽ ജെനിനിൽ ഐഡിഎഫ് ‘ഓപ്പറേഷൻ അയൺ വാൾ’ എന്ന പേരിലുള്ള വൻ സൈനിക നടപടി നടത്തിവരികയാണ്. ‘തീവ്രവാദികളെ കണ്ടെത്തുന്നതിന്’ എന്ന പേരിൽ ഫലസ്തീൻ അഭയാർത്ഥി ക്യാമ്പുകളിൽ നടത്തുന്ന ഈ ഓപറേഷനിൽ 40,000-ത്തിലധികം പേർ ജെനിനിൽ നിന്ന് പലായനം ചെയ്യപ്പെട്ടു. 260-ലധികം കെട്ടിടങ്ങൾ തകർക്കപ്പെടുകയും നൂറുകണക്കിന് വീടുകളും അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കപ്പെടുകയും ചെയ്തതായി ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിയിട്ടുണ്ട്. ഓപറേഷനിൽ ജെനിനിൽ ഇതിനകം 38 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.