ഗാസ – ഹമാസ് വക്താവ് ഹാസിം ഖാസിം ഇസ്രായില്‍ സൈന്യം നടത്തിയ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഗാസ സിറ്റിയിലെ ഹൈദര്‍ റൗണ്ട് എബൗട്ടിന് സമീപം ഹമാസ് വക്താവ് ഹാസിം ഖാസിം സഞ്ചരിച്ച കാര്‍ ലക്ഷ്യമാക്കി ഇസ്രായില്‍ ഡ്രോണ്‍ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ ഹാസിം ഖാസിമിന്റെ അംഗരക്ഷകനായ മുഹമ്മദ് അല്‍ഫയൂമി കൊല്ലപ്പെട്ടു. ഹാസിം ഖാസിമിന് പരിക്കേറ്റു. ഇദ്ദേഹത്തെ ഗാസ സിറ്റിയിലെ അല്‍ശിഫ ഹോസ്പിറ്റലിലേക്ക് നീക്കിയതായി ഖുദ്‌സ് ന്യൂസ് നെറ്റ്വര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു.
ഗാസയില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതായി സിവില്‍ ഡിഫന്‍സ്, മെഡിക്കല്‍ സ്രോതസ്സുകള്‍ അറിയിച്ചു. മധ്യഗാസയിലെ നുസെറാത്ത് അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രായില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി. വിവിധ സ്ഥലങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ മറ്റ് നാല് പേര്‍ കൂടി കൊല്ലപ്പെട്ടു. മരിച്ച ആറ് പേരുടെയും മൃതദേഹങ്ങള്‍ ഗാസയിലെ ആശുപത്രികളില്‍ എത്തിച്ചതായി മെഡിക്കല്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
കഴിഞ്ഞ ഒക്ടോബറില്‍ പ്രാബല്യത്തില്‍വന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ഹമാസും ഇസ്രായിലും പരസ്പരം ആരോപിക്കുന്നു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം 1,098 ഫലസ്തീനികള്‍ ഗാസയില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു.



