പാരീസ് – പാരീസിന് പുറത്തുള്ള പ്രധാന അന്താരാഷ്ട്ര പ്രതിരോധ, സുരക്ഷാ വ്യാപാര മേളയില്‍ ഇസ്രായിലി കമ്പനികളുടെ പന്ത്രണ്ട് പവലിയനുകള്‍ ഫ്രാന്‍സ് അടച്ചുപൂട്ടിയത് ഇസ്രായില്‍ അധികൃതരെ പ്രകോപിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഫ്രാന്‍സ് ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുകയും സമീപ ആഴ്ചകളില്‍ രണ്ട് തീവ്ര വലതുപക്ഷ ഇസ്രായിലി മന്ത്രിമാരെ രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തതു മുതല്‍ ഫ്രഞ്ച്-ഇസ്രായില്‍ ബന്ധം വഷളായി. യൂറോസേറ്ററി ആയുധ, വ്യാപാര മേളയിലെ പവലിയനുകള്‍ ഫ്രഞ്ച് അധികൃതര്‍ നിശ്ചയിച്ച പങ്കാളിത്ത വ്യവസ്ഥകള്‍ പാലിക്കാത്തതിനാലാണ് അടച്ചുപൂട്ടിയതെന്ന് സംഘാടകരായ കോജസ് ഇവന്റ്‌സ് പ്രസ്താവനയില്‍ പറഞ്ഞു. ഫ്രഞ്ച് അധികൃതരുടെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ തങ്ങള്‍ ബാധ്യസ്ഥമാണ്. തല്‍ഫലമായി, 12 പവലിയനുകള്‍ അടച്ചുപൂട്ടേണ്ടിവന്നതായി കോജസ് ഇവന്റ്‌സ് പ്രസിഡന്റ് ചാള്‍സ് ബൗഡൂയിന്‍ പ്രസ്താവനയില്‍ പറഞ്ഞു.
2026 ലെ അന്താരാഷ്ട്ര പ്രതിരോധ, സുരക്ഷാ വ്യാപാര മേളയില്‍ ഇസ്രായിലി ആക്രമണ ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് ഫ്രാന്‍സ് നിരോധിക്കുകയും വ്യോമ പ്രതിരോധ, ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ ശേഷികളുമായി മാത്രം ബന്ധപ്പെട്ട ഉപകരണങ്ങളും ഉല്‍പ്പന്നങ്ങളും പ്രദര്‍ശിപ്പിക്കുന്ന ഇസ്രായിലി കമ്പനികള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഫ്രഞ്ച് സര്‍ക്കാരിന്റെ അസംബന്ധ ആവശ്യങ്ങള്‍ കമ്പനികള്‍ പാലിച്ചിട്ടും ഇസ്രായിലി പവലിയനുകള്‍ അടച്ചുപൂട്ടുകയായിരുന്നെന്ന് ഇസ്രായില്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇസ്രായിലിന്റെ സാങ്കേതിക മികവ് ലോകത്തില്‍ നിന്ന് മറച്ചുവെക്കാന്‍ ഫ്രാന്‍സ് ശ്രമിക്കുകയാണെന്ന് മന്ത്രാലയം ആരോപിച്ചു. ഇസ്രായില്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസ്, റാഫേല്‍ എന്നിവയുള്‍പ്പെടെ മൂന്ന് പ്രധാന ഇസ്രായിലി വ്യോമ പ്രതിരോധ കമ്പനികളുടെ പവലിയനുകള്‍ തിങ്കളാഴ്ച തുറന്നിരുന്നെങ്കിലും, മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പ്രദര്‍ശകരില്‍ നിന്ന് വ്യത്യസ്തമായി അവയൊന്നും പരസ്യമായി ആയുധ മോഡലുകള്‍ പ്രദര്‍ശിപ്പിച്ചിട്ടില്ലെന്ന് എ.എഫ്.പി ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രായില്‍ കമ്പനികളോടുള്ള ഫ്രഞ്ച് അധികാരികളുടെ പെരുമാറ്റം അസ്വീകാര്യമാണെന്ന് ഫ്രാന്‍സിലെ ഇസ്രായില്‍ അംബാസഡര്‍ ജോഷ്വ സര്‍ക്ക പറഞ്ഞു. ഫ്രാന്‍സ് ഈ അന്താരാഷ്ട്ര വിപണിയുടെ പ്രധാന പങ്ക് നഷ്ടപ്പെടുത്തുകയാണ്. അനുചിതവും സത്യസന്ധമല്ലാത്തതുമായ മത്സരത്തില്‍ ഏര്‍പ്പെടുക എന്നതാണ് ഫ്രാന്‍സിന്റെ നയമെന്നും ഇസ്രായില്‍ അംബാസഡര്‍ വ്യക്തമാക്കി. ഫ്രഞ്ച് അധികൃതരുടെ തീരുമാനത്തില്‍ താന്‍ പൂര്‍ണ്ണമായും ആശ്ചര്യപ്പെട്ടതായി അടച്ചിട്ട പവലിയന് മുന്നില്‍ സംസാരിച്ച അമിത് ഇന്‍ഡസ്ട്രീസ് സി.ഇ.ഒ അമിത് മാനര്‍ പറഞ്ഞു. ഡ്രോണുകള്‍, ആശയവിനിമയ സംവിധാനങ്ങള്‍, റോബോട്ടുകള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന ബാറ്ററികള്‍ തന്റെ കമ്പനി നിര്‍മ്മിക്കുന്നു. ഫ്രഞ്ച് സര്‍ക്കാരിന്റെ ഒരു സംഘം ആദ്യം തനിക്ക് പച്ചക്കൊടി കാണിച്ചെങ്കിലും പവലിയന്‍ അടച്ചുപൂട്ടുന്നതായി പിന്നീട് അറിയിക്കുകയായിരുന്നെന്നും അമിത് മാനര്‍ കൂട്ടിചേർത്തു. ജൂണ്‍ 15 മുതല്‍ 19 വരെ പാരീസിന് വടക്കുള്ള എക്‌സിബിഷന്‍ സെന്ററിലാണ് യൂറോസേറ്ററി നടക്കുന്നത്. 2024 ലെ എക്‌സിബിഷനില്‍ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും ഇസ്രായിലി പ്രതിരോധ കമ്പനികളെ ഫ്രാന്‍സ് വിലക്കിയിരുന്നു.



