ലണ്ടൻ– ലണ്ടനിലെ ഇസ്രായിൽ എംബസിക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടായേക്കുമെന്ന ഭീഷണി. ഓൺലൈൻ പ്രചാരണത്തെത്തുടർന്ന് നടത്തിയ തിരച്ചിലിൽ അപകടകരമായ വസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്ന് ബ്രിട്ടീഷ് പോലീസ് അറിയിച്ചു. മുൻകരുതൽ നടപടിയായി അടച്ചുപൂട്ടിയ കെൻസിംഗ്ടൺ ഗാർഡൻസ് പൊതുജനങ്ങൾക്കായി വീണ്ടും തുറന്നുകൊടുത്തു.
ഇറാൻ അനുകൂല ഗ്രൂപ്പായ ‘ഹരാക്കത്ത് അഷാബ് അൽ യമിൻ അൽ ഇസ്ലാമിയ’ പുറത്തുവിട്ട വീഡിയോയാണ് പരിഭ്രാന്തി പരത്തിയത്. ഡ്രോണുകളുടെ ദൃശ്യങ്ങളും സംരക്ഷണ വസ്ത്രം ധരിച്ച രണ്ടുപേരെയും ഉൾപ്പെടുത്തിയുള്ള വീഡിയോയിൽ ഇസ്രായിൽ എംബസിയെ ലക്ഷ്യം വയ്ക്കുന്നതായി സൂചനയുണ്ടായിരുന്നു. ഇതിനെത്തുടർന്ന് എംബസി പരിസരത്ത് സുരക്ഷാ വലയം തീർക്കുകയും കനത്ത പോലീസ് കാവൽ ഏർപ്പെടുത്തുകയും ചെയ്തു.
എംബസിക്ക് നേരെ ആക്രമണം ഉണ്ടായിട്ടില്ലെങ്കിലും, സൈറ്റിന്റെ സുരക്ഷ ഉറപ്പാക്കാൻ എംബസി സുരക്ഷാ വിഭാഗവുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് ലണ്ടൻ ഭീകരവിരുദ്ധ പോലീസ് കമാൻഡർ അറിയിച്ചു. എംബസിക്ക് സമീപത്ത് നിന്നും ചില വസ്തുക്കൾ പോലീസ് കണ്ടെത്തിയെങ്കിലും അവ അപകടകാരിയല്ലെന്ന് പരിശോധനയിൽ വ്യക്തമായി. എന്നാൽ, ഈ വസ്തുക്കൾക്ക് ഓൺലൈനിൽ പ്രചരിച്ച വീഡിയോയുമായി വല്ല ബന്ധവുമുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.



