തെല്‍അവീവ് – 2023 ഒക്ടോബർ 7-ന് ഇസ്രായേലിൽ നടന്ന ആക്രമണങ്ങളിൽ പങ്കെടുത്ത 100 ഹമാസ് പോരാളികൾക്ക് വധശിക്ഷ നൽകാനുള്ള നിയമപരമായ നീക്കങ്ങൾ ഇസ്രായേൽ മന്ത്രിമാർ ആരംഭിച്ചു. പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സും നീതിന്യായ മന്ത്രി യാരിവ് ലെവിനും ഇത് സംബന്ധിച്ച പ്രത്യേക സൈനിക കോടതി സ്ഥാപിക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തി. അറസ്റ്റ് ചെയ്ത 450 അൽ-ഖസ്സാം ബ്രിഗേഡ് അംഗങ്ങളെ വിചാരണ ചെയ്യാനാണ് നീക്കം. ഇവർക്കായി വധശിക്ഷ നടപ്പിലാക്കാൻ ഫയറിംഗ് സ്ക്വാഡിനെ ഉപയോഗിച്ചേക്കും.
മുമ്പ് നാസി ഉദ്യോഗസ്ഥൻ അഡോൾഫ് ഐച്ച്മാനെ വിചാരണ ചെയ്തതിന് സമാനമായ രീതിയിൽ പ്രത്യേക ട്രൈബ്യൂണൽ വഴി വിചാരണ നടത്താനാണ് ആലോചന. എന്നാൽ, ഇത്തരം പരസ്യ വിചാരണകൾ ഇസ്രായേലിന്റെ ഗാസയിലെ സൈനിക നടപടികൾക്കെതിരെയുള്ള വിമർശനങ്ങൾക്ക് വേദിയാകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. ഇറ്റാമർ ബെൻ-ഗ്വിറിന്റെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ പാർട്ടിയാണ് വധശിക്ഷയ്ക്കായുള്ള നിയമനിർമ്മാണത്തിന് സമ്മർദ്ദം ചെലുത്തുന്നത്. നിലവിൽ 9,500-ലധികം ഫലസ്തീനികൾ ഇസ്രായേൽ ജയിലുകളിലുണ്ട്, ഇവരുടെ തടങ്കൽ സാഹചര്യങ്ങൾക്കെതിരെ മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ, ജയിലുകളിൽ തടവുകാർ കലാപത്തിന് മുതിർന്നേക്കുമെന്ന് ജയിൽ സർവീസ് കമ്മീഷണർ മുന്നറിയിപ്പ് നൽകി.



