സന്‍ആ – യെമനിലെ ഹൂത്തി വിമത കേന്ദ്രങ്ങളില്‍ ഇന്ന് നടത്തിയ വ്യോമാക്രമണത്തില്‍ സന്‍ആ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹൂത്തികള്‍ ഉപയോഗിച്ചിരുന്ന അവസാന വിമാനവും ഇസ്രായില്‍ സൈന്യം തകര്‍ത്തു. ഇന്നലെ ഹൂത്തികള്‍ ഇസ്രായിലിലേക്ക് മിസൈലുകള്‍ തൊടുത്തുവിട്ടിരുന്നു. ഇതിന് തിരിച്ചടിയെന്നോണമാണ് ഇന്ന് ഹൂത്തി കേന്ദ്രങ്ങളില്‍ ഇസ്രായില്‍ ശക്തമായ വ്യോമാക്രമണങ്ങള്‍ നടത്തിയത്.
ഗാസയിലെ ഫലസ്തീനികളെ പിന്തുണക്കുന്നതിന്റെ ഭാഗമായി ഇസ്രായിലിലേക്ക് മിസൈലുകള്‍ തൊടുത്തുവിടുന്നത് തുടരുന്ന ഇറാന് പിന്തുണയുള്ള ഹൂത്തികള്‍ ഉപയോഗിക്കുന്ന ശേഷിക്കുന്ന ഒരേയൊരു വിമാനം വ്യോമാക്രമണത്തിലൂടെ തകര്‍ത്തതായി ഇസ്രായില്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തങ്ങള്‍ക്കെതിരെ ആക്രമണം നടത്തുന്നവര്‍ക്ക് ഇസ്രായില്‍ നല്കുന്ന വ്യക്തമായ സന്ദേശവും ഞങ്ങളുടെ നയത്തിന്റെ തുടര്‍ച്ചയുമാണ് ഇതെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു.
സന്‍ആ വിമാനത്താവളത്തില്‍ ഇസ്രായില്‍ ആക്രമണം നടത്തിയതായി ഹൂത്തികള്‍ക്കു കീഴിലെ അല്‍മസീറ ടി.വി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ ചാനല്‍ നല്‍കിയില്ല. നേരത്തെ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ ഏറെക്കുറെ പൂര്‍ണമായും തകര്‍ന്ന, യെമനിലെ ഏറ്റവും വലിയ വിമാനത്താവളമായ സന്‍ആ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, റണ്‍വേയിലും ടെര്‍മിനലുകളിലും നടത്തിയ താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ക്കു ശേഷം കഴിഞ്ഞ ആഴ്ച വീണ്ടും പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു.
യെമനിയ എയര്‍ലൈന്‍സിന്റെ ശേഷിച്ച ഏക സിവിലിയന്‍ വിമാനവും ഐക്യരാഷ്ട്രസഭയുടെ വിമാനങ്ങളുമാണ് ഈ വിമാനത്താവളം പ്രധാനമായും ഉപയോഗിക്കുന്നത്. യെമനിയ എയര്‍ലൈന്‍സിന്റെ മൂന്നു വിമാനങ്ങള്‍ സമീപകാലത്ത് ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ തകര്‍ന്നിരുന്നു. 2023 ഒക്ടോബര്‍ ഏഴിലെ ആക്രമണത്തെ തുടര്‍ന്ന് ഗാസയില്‍ ഇസ്രായിലും ഹമാസും തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം യെമനിലെ ഹൂത്തികള്‍ ഇസ്രായിലിനെതിരെയും ചെങ്കടലില്‍ ഇസ്രായിലുമായി ബന്ധമുള്ളതായി അവര്‍ വാദിക്കുന്ന കപ്പലുകള്‍ക്കെതിരെയും ഡസന്‍ കണക്കിന് മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.