വെസ്റ്റ് ബാങ്ക്- അധിനിവേശ വെസ്റ്റ് ബാങ്കിലെ ഹെബ്രോൺ നഗരത്തിലുള്ള ചരിത്രപ്രസിദ്ധമായ ഇബ്രാഹീമി മസ്ജിദിൽ മുസ്ലിംങ്ങൾക്ക് വിലക്കേർപ്പെടുത്തി ഇസ്രായേൽ സൈന്യത്തിന്റെ ഉത്തരവ്. ജൂതന്മാരുടെ മതപരമായ അവധിദിനങ്ങളായ സൂക്കോട്ട് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 28 തിങ്കളാഴ്ച മുതൽ മൂന്ന് ദിവസത്തേക്കാണ് മസ്ജിദ് പൂർണ്ണമായും അടച്ചിടാൻ ഇസ്രായേൽ അധികൃതർ ഉത്തരവിട്ടിരിക്കുന്നത്.
ജൂത കുടിയേറ്റക്കാർക്ക് സുരക്ഷയൊരുക്കാനെന്ന പേരിലാണ് ഈ നടപടി. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ജൂതൻമാർക്ക് മസ്ജിദിൽ പ്രവേശിക്കാന അനുമതിയുണ്ട്.
ഇസ്രായേൽ സൈന്യം പള്ളിയുടെ കവാടങ്ങൾ അടയ്ക്കുകയും കാവൽക്കാരെയും ജീവനക്കാരെയും വിശ്വാസികളെയും ബലംപ്രയോഗിച്ച് ഒഴിപ്പിക്കുകയും ചെയ്തു. അഞ്ച് നേരം ബാങ്ക് വിളിക്കുന്നതിനും വിലക്കുണ്ട്.
പൂർണ്ണമായും ഇസ്രായേൽ നിയന്ത്രണത്തിലുള്ള ഹെബ്രോൺ പഴയ നഗരത്തിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. ഇവിടെ ഇസ്രായേൽ സൈന്യം സൈനിക വിന്യാസം ശക്തമാക്കുകയും ചെക്ക്‌പോസ്റ്റുകളും ഇലക്ട്രോണിക് ഗേറ്റുകളും അടയ്ക്കുകയും ചെയ്തു. ഇത് ഫലസ്തീനികളുടെ സഞ്ചാര സ്വാതന്ത്ര്യത്തെയും പ്രാദേശിക കച്ചവടങ്ങളെയും പൂർണ്ണമായി തടസ്സപ്പെടുത്തിയിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







