ജറൂസലം – ഗുരുതരമായ ക്യാന്‍സര്‍ ബാധിച്ച അഞ്ച് വയസ്സുള്ള ഫലസ്തീന്‍ ബാലനെ ജീവന്‍ രക്ഷിക്കാനുള്ള ചികിത്സക്കായി ഇസ്രായിലിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപ്പീല്‍ ഇസ്രായില്‍ കോടതി തള്ളി. അസ്ഥിമജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി കുട്ടിയെ റാമല്ലയില്‍ നിന്ന് തെല്‍അവീവിനടുത്തുള്ള ടെല്‍ഹാഷോമര്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ അനുമതി തേടിയുള്ള ഹര്‍ജി ജറൂസലം ജില്ലാ കോടതി നിരസിച്ചതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസയിലോ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലോ അസ്ഥിമജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ ലഭ്യമല്ല. ഗാസ മുനമ്പില്‍ വൈദ്യസഹായം ലഭ്യമല്ലാത്തതിനാല്‍ 2022 മുതല്‍ ബാലന്‍ വെസ്റ്റ് ബാങ്കില്‍ താമസിക്കുന്നു. ബാലന് അടിയന്തിരമായി ഇമ്മ്യൂണോതെറാപ്പി ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ണ്ണയിച്ചു.
ഗാസയില്‍ രജിസ്റ്റര്‍ ചെയ്ത നിവാസികള്‍ അതിര്‍ത്തി കടക്കുന്നതില്‍ നിന്ന് വിലക്കുന്ന സര്‍ക്കാര്‍ നയത്തെ അടിസ്ഥാനമാക്കിയാണ് കോടതി തീരുമാനം എടുത്തത്. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ആക്രമണത്തെ തുടര്‍ന്ന് ഗാസ നിവാസികള്‍ക്ക് ഈ നയം പൂര്‍ണ്ണമായ വിലക്ക് ഏര്‍പ്പെടുത്തി. യുദ്ധത്തിന് മുമ്പ്, ജറൂസലമില്‍ പതിവായി ജീവന്‍ രക്ഷിക്കുന്ന ചികിത്സ ലഭിച്ചിരുന്ന ക്യാന്‍സര്‍ രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിലക്ക് ബാധകമാണ്.
സുരക്ഷാ വകുപ്പുകള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളോടുള്ള പരോക്ഷ വെല്ലുവിളിയായി ഹര്‍ജിയെ തന്റെ വിധിന്യായത്തില്‍ ഇസ്രായിലി ജഡ്ജി റാം വിനോഗ്രാഡ് വിശേഷിപ്പിച്ചു. ഗാസയിലെ ആയിരക്കണക്കിന് കുട്ടികള്‍ക്ക് പരിചരണം വളരെ ആവശ്യമാണെന്ന് സമ്മതിക്കുമ്പോള്‍ തന്നെ, ആ കുട്ടിയുടെ കേസും ഈ നയപ്രകാരം ചികിത്സ നിഷേധിക്കപ്പെട്ട മറ്റ് രോഗികളുടെ കേസുകളും തമ്മില്‍ അടിസ്ഥാനപരമായ വ്യത്യാസമൊന്നുമില്ലെന്ന് ജഡ്ജി അവകാശപ്പെട്ടു. ഹര്‍ജിക്കാര്‍ യഥാര്‍ഥവും അടിസ്ഥാനപരവുമായ വ്യത്യാസം തെളിയിച്ചിട്ടില്ലെന്ന് വിനോഗ്രാഡ് തന്റെ വിധിന്യായത്തില്‍ എഴുതി. ഗാസയിലല്ല, ഇപ്പോള്‍ റാമല്ലയിയാണ് താമസിക്കുന്നത് എന്നത് പൊതു നിരോധനത്തില്‍ നിന്ന് ബാലനെ ഒഴിവാക്കുന്നതിനെ ന്യായീകരിക്കുന്നില്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
തന്റെ അവസാന പ്രതീക്ഷയും നഷ്ടപ്പെട്ടതായി കുട്ടിയുടെ അമ്മ ഇസ്രായിലി പത്രമായ ഹാരെറ്റ്‌സിനോട് പറഞ്ഞു. കോടതി വിധി തന്റെ മകനുള്ള വധശിക്ഷയാണെന്ന് അവര്‍ വിശേഷിപ്പിച്ചു. മകന്റെ അച്ഛന്‍ മൂന്ന് വര്‍ഷം മുമ്പ് ക്യാന്‍സര്‍ ബാധിച്ച് മരിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇസ്രായിലി മനുഷ്യാവകാശ സംഘടനയായ ഗിഷ 2025 നവംബര്‍ മുതല്‍ ബാലന്റെ കേസില്‍ നിയമനടപടി സ്വീകരിച്ചുവരികയാണ്. അവന്റെ സാഹചര്യം അടിയന്തിര മെഡിക്കല്‍ കേസുകളില്‍ തിരിച്ചറിയല്‍ രേഖകള്‍ക്ക് മുന്‍ഗണന നല്‍കുന്ന കര്‍ക്കശമായ ഉദ്യോഗസ്ഥ സംവിധാനത്തിന്റെ ക്രൂരത തുറന്നുകാട്ടുന്നതായി സംഘടന പറയുന്നു. ഗാസയില്‍ രജിസ്റ്റര്‍ ചെയ്ത വിലാസങ്ങള്‍ ഉള്ളതിന്റെ പേരില്‍, അവര്‍ അവിടെ താമസിക്കുന്നില്ലെങ്കിലും യാതൊരു സുരക്ഷാ ആരോപണങ്ങളും ചുമത്തിയിട്ടില്ലെങ്കിലും, ഫലസ്തീനികള്‍ക്ക് ജീവന്‍ രക്ഷിക്കുന്ന വൈദ്യസഹായം നിഷേധിക്കുന്ന സമഗ്ര നയത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഈ കേസ് വീണ്ടും ഉദാഹരിക്കുന്നതായി സംഘടന പ്രസ്താവനയില്‍ പറഞ്ഞു. ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുന്ന ചികിത്സ ലഭ്യമാകുമ്പോള്‍ പോലും കുട്ടികളെ മരണത്തിലേക്ക് തള്ളിവിടുന്ന നിയമവിരുദ്ധ നയത്തെ കോടതി നിയമവിധേയമാക്കുന്നു എന്നതാണ് ഈ വിധിയുടെ പ്രാധാന്യമെന്നും ഗിഷ പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞയാഴ്ച റഫ ക്രോസിംഗ് വീണ്ടും തുറന്നെങ്കിലും ക്യാന്‍സര്‍ രോഗികളായ 11,000 ഫലസ്തീനികള്‍ ഗാസയില്‍ കുടുങ്ങിക്കിടക്കുകയാണ്. യുദ്ധം ആരംഭിച്ച ശേഷം ഗാസ മുനമ്പില്‍ ക്യാന്‍സര്‍ മരണങ്ങള്‍ മൂന്നിരട്ടിയായി വര്‍ധിച്ചതായി ഡോക്ടര്‍മാര്‍ പറയുന്നു. ക്യാന്‍സര്‍ രോഗികള്‍ ചികിത്സക്കായി പുറത്തുപോകുന്നത് ഇസ്രായില്‍ തടയുകയും കീമോതെറാപ്പി മരുന്നുകളുടെ പ്രവേശനം നിയന്ത്രിക്കുകയും ചെയ്യുന്നു.
ഏകദേശം 4,000 ആളുകള്‍ക്ക് മൂന്നാം രാജ്യങ്ങളില്‍ ചികിത്സക്കായി ഔദ്യോഗിക റഫറലുകള്‍ ഉണ്ടെങ്കിലും അതിര്‍ത്തി കടക്കാന്‍ കഴിയുന്നില്ലെന്ന് ഗാസ ആരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നു. ചികിത്സക്കായി വിദേശത്തേക്ക് കൊണ്ടുപോകുന്നത് കാത്തിരിക്കുന്നതിനിടെ കുട്ടികളും ക്യാന്‍സര്‍ രോഗികളും ഉള്‍പ്പെടെ 900 പേര്‍ ഇതിനകം തന്നെ മരണപ്പെട്ടതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.



