ഗാസ – ഗാസയില്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്നത് ഇസ്രായില്‍ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസ മുനമ്പിലെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പുകളിലും ഷെല്ലാക്രമണങ്ങളിലും 31 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ ഏകദേശം 90 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ മെഡിക്കല്‍ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നു പുലര്‍ച്ചെ തെക്കന്‍ ഗാസ മുനമ്പില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായി ഗാസ സിവില്‍ ഡിഫന്‍സ് അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ഒരു വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടി ഉണ്ടെന്നും നാസര്‍ മെഡിക്കല്‍ കോംപ്ലക്‌സ് സ്ഥിരീകരിച്ചു.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഡസന്‍ കണക്കിന് ആളുകളെ കൊന്നൊടുക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തുകൊണ്ട് ഇസ്രായില്‍ ഗാസ വെടിനിര്‍ത്തല്‍ കരാര്‍ തുടര്‍ച്ചയായി ലംഘിക്കുകയാണെന്ന് ഹമാസ് വക്താവ് ഹാസിം ഖാസിം ആരോപിച്ചു. വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ തടയാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി, അമേരിക്ക എന്നീ രാജ്യങ്ങളോട് ഹമാസ് ആവശ്യപ്പെട്ടു. വെടിനിര്‍ത്തല്‍കരാര്‍ നിലവിലുണ്ടായിരുന്നിട്ടും ഇസ്രായില്‍ സൈന്യം ഗാസ മുനമ്പില്‍ വലിയ കൂട്ടക്കൊല നടത്തി. ഈ പെരുമാറ്റം മധ്യസ്ഥരെ ഇസ്രായില്‍ മാനിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നു. ഗാസയില്‍ ഉന്മൂലനം തുടരുന്നതില്‍ നിന്ന് ഇസ്രായിലിനെ തടയാന്‍ മധ്യസ്ഥ രാഷ്ട്രങ്ങള്‍ക്ക് സാധിക്കുന്നില്ല. ശറമുശ്ശൈഖില്‍ വെച്ച് വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവച്ച എല്ലാ കക്ഷികളോടും, പ്രത്യേകിച്ച് ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി, അമേരിക്ക എന്നിവരോട്, ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനും ഗാസയിലെ ഇസ്രായില്‍ ആക്രമണവും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളും തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാനും ഞങ്ങള്‍ ആവശ്യപ്പെടുന്നുവെന്നും ഹമാസ് വക്താവ് കൂട്ടിച്ചേര്‍ത്തു.
അതേസയമയം, ഇന്ന് തെക്കന്‍ വെസ്റ്റ് ബാങ്കിലെ ഹെബ്രോണ്‍ ഗവര്‍ണറേറ്റില്‍ നിന്ന് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 56 ഫലസ്തീനികളെ ഇസ്രായില്‍ സൈന്യം അറസ്റ്റ് ചെയ്തു.



