ബഗ്ദാദ് – അയല്‍ രാജ്യങ്ങളെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങള്‍ ഇറാഖ് അനുവദിക്കില്ലെന്ന് ഇറാഖ് സായുധ സേനാ കമാന്‍ഡര്‍-ഇന്‍-ചീഫിന്റെ വക്താവ് സ്വബാഹ് അല്നുഅ്മമാന് വ്യക്തമാക്കി. സൗദി അറേബ്യയിലെ കിഴക്ക്-പടിഞ്ഞാറ് എണ്ണ പൈപ്പ്ലൈനിനു നേരെ ഇറാഖില്‍ നിന്ന് ഡ്രോണ്‍ ആക്രമണങ്ങളുണ്ടായതിനെ തുടര്‍ന്ന് നടത്തിയ സുരക്ഷാ ഓപ്പറേഷനില്‍ 15 ഡ്രോണ്‍ ലോഞ്ചറുകള്‍ പിടിച്ചെടുത്തു. ഇറാഖ് ഭൂപ്രദേശത്ത് നിന്ന് സൗദി അറേബ്യയെ ലക്ഷ്യമിട്ടുള്ള സമീപകാല ആക്രമണങ്ങളെ തുടര്‍ന്ന് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സൗദി അറേബ്യ നടത്തിയ ശ്രമങ്ങളെ ഇറാഖ് അധികൃതര്‍ അഭിനന്ദിക്കുന്നു. ഇറാഖ് പ്രാദേശിക സംഘര്‍ഷങ്ങളുടെ ഭാഗമാകില്ല. സര്‍ക്കാരിന്റെ ചട്ടക്കൂടിന് പുറത്ത് ആയുധങ്ങള്‍ ഉപയോഗിക്കുന്ന കക്ഷികളെ സുരക്ഷാ സേന പിന്തുടരുന്നുണ്ട്.
ഇറാഖ് സുരക്ഷാ സേന 15 ഡ്രോണ്‍ ലോഞ്ചറുകള്‍ പിടിച്ചെടുത്തു. സൗദി അറേബ്യക്കെതിരായ സമീപകാല ആക്രമണങ്ങളെ കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. മെയ്സാന്‍ ഗവര്‍ണറേറ്റില്‍ നിരവധി സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ അന്വേഷിക്കാന്‍ മെയ്സാനില് ഉന്നതതല സമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
സുരക്ഷാ പിഴവുകള്‍ക്ക് ഉത്തരവാദികളായവരെ പിരിച്ചുവിടാന്‍ ഉന്നതാധികൃതര്‍ ശക്തമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മെയ്സാനില് മതിയായ സുരക്ഷാ സേനയെ അധികാരികള്‍ വിന്യസിക്കും. അയല്‍ രാജ്യങ്ങള്‍ക്കെതിരായ ഒരു നിയമലംഘനവും ഇറാഖ് അനുവദിക്കില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ചട്ടക്കൂടിന് പുറത്ത് ആയുധങ്ങള്‍ ഉപയോഗിക്കാന്‍ ഒരു ഗ്രൂപ്പുകളെയും അനുവദിക്കില്ലെന്നും സ്വാലിഹ് അല്‍നുഅ്മാന്‍ പറഞ്ഞു.
ഇറാഖിനെ മറ്റുള്ളവരുടെ സംഘര്‍ഷങ്ങള്‍ക്കുള്ള വേദിയായോ അയല്‍ രാജ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കുള്ള ലോഞ്ചിംഗ് പാഡായോ ഉപയോഗിക്കുന്നത് നിരാകരിക്കുന്നതായി ഇറാഖ് പ്രധാനമന്ത്രി അലി അല്സൈദി വ്യക്തമാക്കി. ഇറാഖിന്റെ സുരക്ഷയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ജനങ്ങളുടെയും സര്‍ക്കാരിന്റെയും സായുധ സേനയുടെയും ഐക്യത്തോടെ നേരിടും. സമാധാനവും യുദ്ധവും സംബന്ധിച്ച തീരുമാനങ്ങള്‍ ഭരണകൂടത്തിന്റെ അധികാരത്തിന് പുറത്തേക്ക് മാറ്റുന്നത് തടയാനും സമ്പദ്വ്യവസ്ഥ പരിഷ്കരിക്കാനും അഴിമതിക്കെതിരെ പോരാടാനും സര്‍ക്കാര്‍ വകുപ്പുകളുടെ അധികാരം ശക്തിപ്പെടുത്താനും സര്‍ക്കാര്‍ പ്രവര്‍ത്തിക്കും. ഇറാഖിന്റെ സുരക്ഷയെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളെ സുരക്ഷാ സേന ശക്തമായി നേരിടും. ആക്രമണകാരികളെ തടയാനും അവരുടെ ശക്തി തകര്‍ക്കാനും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങളെ കുറിച്ചുള്ള ഇറാഖ് അധികൃതരുടെ അന്വേഷണങ്ങള്‍ വിപുലീകരിച്ചിട്ടുണ്ട്. ഇറാഖ് ഭൂപ്രദേശത്തു നിന്ന് മിസൈല്‍ ലോഞ്ചര്‍ പിടിച്ചെടുത്തതായി ഇറാഖ് സുരക്ഷാ മാധ്യമ സെല്‍ മേധാവി ലെഫ്റ്റനന്റ് ജനറല്‍ സഅദ് മഅന്‍ നേരത്തെ അറിയിച്ചു. സൗദി പൈപ്പ്ലൈന് ആക്രമണത്തിന് ഈ ലോഞ്ചര്‍ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ടവരെ പിടികൂടാനായി ഫീല്‍ഡ്, ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നന്നും ലെഫ്റ്റനന്റ് ജനറല്‍ സഅദ് മഅന്‍ വ്യക്തമാക്കി. പൈപ്പ്ലൈന് ആക്രമണവുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ, സുരക്ഷാ വിവരങ്ങള്‍ കൈമാറാനും അന്വേഷണത്തിന്റെ കണ്ടെത്തലുകള്‍ അറിയിക്കാനും സൗദി അറേബ്യയുമായി തുടര്‍ച്ചയായ ആശയവിനിമയം നടത്തുന്നതായി ഇറാഖ് അറിയിച്ചിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി വീഴ്ചകള്‍ വരുത്തിയതായി കണ്ടെത്തിയ ഏതാനും മുതിര്‍ന്ന സുരക്ഷാ കമാന്‍ഡര്‍മാരെയും ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്യുകയോ പിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്. കമാന്‍ഡ്, കണ്ട്രോള്, ഫീല്‍ഡ് മോണിറ്ററിംഗ് ശക്തിപ്പെടുത്താനാണ് ഈ നടപടികള്‍ സ്വീകരിച്ചതെന്ന് ഇറാഖ് അധികൃതര്‍ സ്ഥിരീകരിച്ചു. കിഴക്ക്-പടിഞ്ഞാറ് എണ്ണ പൈപ്പ്ലൈന് റിയാദ്, മദീന പ്രവിശ്യകളില്‍ ആക്രമിക്കപ്പെട്ടതായി സൗദി അറേബ്യ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മുന്‍കരുതല്‍ എന്നോണം പൈപ്പ്ലൈന് അടച്ചുപൂട്ടിയിട്ടുണ്ട്. ആക്രമണങ്ങളില്‍ ഏതാനും പേര്‍ക്ക് പരിക്കേറ്റതായും സൗദി അറേബ്യ അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







