തെഹ്‌റാന്‍ – ഇസ്രായിലുമായുള്ള യുദ്ധം ആരംഭിച്ച ശേഷം ആദ്യമായി ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. അലി ഖാംനഇ തെഹ്റാനില്‍ മതപരമായ ചടങ്ങില്‍ പങ്കെടുത്തതായി ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ആശൂറയുടെ തലേന്ന് ഖാംനഇ മതപരമായ ചടങ്ങില്‍ പങ്കെടുത്തു. അതില്‍ വലിയൊരു ജനക്കൂട്ടം പങ്കെടുത്തതായി സര്‍ക്കാര്‍ നടത്തുന്ന മെഹര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇറാനെ ആഗോള പ്രതിരോധ മുന്നണിയുടെ അച്ചുതണ്ട് എന്ന് വിശേഷിപ്പിച്ചു കൊണ്ട് ഖാംനഇ ചടങ്ങില്‍ പ്രസംഗം നടത്തി. ആഗോള സയണിസത്തെ തെറ്റായ മുന്നണിയുടെ പ്രധാന അച്ചുതണ്ട് എന്ന് അദ്ദേഹം വിശേഷിപ്പിച്ചു – മെഹര്‍ വാര്‍ത്താ ഏജന്‍സി കൂട്ടിച്ചേര്‍ത്തു.
മസ്ജിദില്‍ നടന്ന മതപരമായ ചടങ്ങിനിടെ ഖാംനഇ വിശ്വാസികളെ അഭിവാദ്യം ചെയ്യുന്നതായി സ്റ്റേറ്റ് ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത വീഡിയോ കാണിച്ചു. ഇസ്രായിലുമായുള്ള യുദ്ധകാലത്ത് റെക്കോര്‍ഡ് ചെയ്ത പ്രസംഗത്തിലൂടെ ജൂണ്‍ 26 നായിരുന്നു അലി ഖാംനഇയെ ഇതിനു മുമ്പ് അവസാനമായി കണ്ടത്.
പാര്‍ലമെന്റ് സ്പീക്കര്‍ ഉള്‍പ്പെടെ നിരവധി മുതിര്‍ന്ന ഇറാന്‍ ഉദ്യോഗസ്ഥര്‍ പരിപാടിയില്‍ പങ്കെടുത്തു. ഇത്തരം പരിപാടികള്‍ എല്ലായ്‌പ്പോഴും കര്‍ശന സുരക്ഷയിലാണ് നടക്കുന്നത്. ഇസ്രായിലിന്റെ ആക്രമണ സാധ്യത കണക്കിലെടുത്ത്, എല്ലാ സര്‍ക്കാര്‍ കാര്യങ്ങളിലും അന്തിമ തീരുമാനമെടുക്കുന്ന ഖാംനഇയുടെ സമീപകാല അസാന്നിധ്യം അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള ഉയര്‍ന്ന സുരക്ഷാ സാഹചര്യത്തെ സൂചിപ്പിക്കുന്നു.
ഇസ്രായിലുമായുള്ള യുദ്ധത്തില്‍ 900 ലേറെ പേര്‍ കൊല്ലപ്പെട്ടതായും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേറ്റതായും ഇറാന്‍ സമ്മതിക്കുകയും തങ്ങളുടെ ആണവ കേന്ദ്രങ്ങള്‍ക്ക് വ്യാപകമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇറാന്‍ ആണവ കേന്ദ്രങ്ങളില്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി പരിശോധകര്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടുമുണ്ട്.