തെഹ്റാൻ- ഇറാൻ എണ്ണമന്ത്രി മുഹ്സിൻ പാക്നെജാദ് രാജിവെച്ചു. അദ്ദേഹത്തിന് പകരം രാജ്യത്തെ പ്രമുഖ എണ്ണക്കമ്പനി സി.ഇ.ഒയെ ആക്ടിംഗ് മന്ത്രിയായി നിയമിച്ചതായി പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. ഇറാനിൽ നിന്നുള്ള എണ്ണ കയറ്റുമതിക്ക് മേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരിക്കുന്ന നിർണായക സാഹചര്യത്തിലാണ് എണ്ണ മന്ത്രിയുടെ രാജി.
മുഹ്സിൻ പാക്നെജാദിന്റെ രാജി സ്വീകരിച്ചതിനെ തുടർന്ന്, നാഷണൽ ഇറാനിയൻ ഓയിൽ കമ്പനി സി.ഇ.ഒ ആയ ഹമീദ് ബോവാർദിനെ ആക്ടിംഗ് എണ്ണമന്ത്രിയായി പ്രസിഡന്റിന്റെ ഉത്തരവിലൂടെ നിയമിച്ചതായി ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വ്യക്തിപരമായ കാരണങ്ങളാൽ പാക്നെജാദ് നേരത്തെ തന്നെ രാജി സന്നദ്ധത അറിയിച്ചിരുന്നെങ്കിലും പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ അന്ന് അത് നിരസിക്കുകയായിരുന്നു. എന്നാൽ മന്ത്രി സ്ഥാനമൊഴിയുന്നതിൽ അദ്ദേഹം ഉറച്ചുനിന്നതോടെ തീരുമാനം അംഗീകരിക്കുകയായിരുന്നുവെന്ന് പ്രസിഡന്റിന്റെ ഓഫീസിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. രാജിവെക്കാനുള്ള തീരുമാനം അംഗീകരിച്ചതിന് ശേഷം, അദ്ദേഹത്തിന്റെ പ്രയത്നങ്ങളെയും ആത്മാർഥമായ സേവനത്തെയും പ്രസിഡന്റ് അഭിനന്ദിച്ചു.
പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെകിൽ അംഗമായ ഇറാനിലെ എണ്ണ മന്ത്രിയായി 2024 ഓഗസ്റ്റിലാണ് മുഹ്സിൻ പക്നെജാദ് ചുമതലയേറ്റത്. ഇറാനും അമേരിക്കയും തമ്മിലുള്ള വ്യാപാര യുദ്ധം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ രാജി. തങ്ങൾ വിറ്റഴിച്ച എണ്ണയിൽ നിന്നുള്ള വരുമാനം ഇപ്പോഴും ലഭിക്കുന്നുണ്ടെന്നും അത് തുടരുമെന്നും രാജി പ്രഖ്യാപിക്കുന്നതിനുമുമ്പ് പാക്നെജാദ് വ്യക്തമാക്കിയിരുന്നു. ഏതൊരു മന്ത്രാലയത്തിന്റെയും ചുമതല മൂന്ന് മാസം വരെ ആക്ടിംഗ് മന്ത്രിക്ക് നൽകാമെന്നാണ് ഇറാൻ ഭരണഘടന വ്യവസ്ഥ ചെയ്യുന്നത്. ഈ സമയത്തിനകം സ്ഥിരമായി മന്ത്രിസ്ഥാനം വഹിക്കുന്ന നോമിനിയെ പ്രസിഡന്റിന് ഇറാൻ പാർലമെന്റിലേക്ക് നാമനിർദ്ദേശം ചെയ്യാൻ സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







