തെഹ്റാൻ: ഇറാനുമായി ബന്ധമുള്ള സ്‌കൈവേവ് എന്ന ഭീമൻ എണ്ണ ടാങ്കർ ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് അമേരിക്കൻ സൈന്യം പിടിച്ചെടുത്തു. മൂന്ന് ഔദ്യോഗിക യു.എസ് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ദി വാൾ സ്ട്രീറ്റ് ജേണൽ ആണ് ഈ വാർത്ത പുറത്തുവിട്ടത്. ഇറാനിൽ നിന്നുള്ള എണ്ണ കടത്തുന്നു എന്നാരോപിച്ച് കഴിഞ്ഞ മാർച്ചിൽ ഈ കപ്പലിന്മേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു. കപ്പൽ ട്രാക്കിംഗ് വിവരങ്ങൾ പ്രകാരം മലാക്ക കടലിടുക്ക് പിന്നിട്ട് ചൊവ്വാഴ്ച മലേഷ്യയുടെ പടിഞ്ഞാറൻ ഭാഗത്തേക്ക് സഞ്ചരിക്കവെയാണ് കപ്പൽ യു.എസ് കസ്റ്റഡിയിലാകുന്നത്. കപ്പലിൽ പത്ത് ലക്ഷത്തിലധികം ബാരൽ അസംസ്‌കൃത എണ്ണയുണ്ടെന്നാണ് രാജ്യാന്തര കപ്പൽ ഗതാഗത ഏജൻസിയായ ലോയ്ഡ്‌സ് ലിസ്റ്റ് ഇന്റലിജൻസിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇറാനുമായി ബന്ധമുള്ള കപ്പലുകൾക്ക് നേരെ അമേരിക്ക നടത്തുന്ന മൂന്നാമത്തെ വലിയ നടപടിയാണിത്. ഒമാൻ ഉൾക്കടലിലും അറേബ്യൻ കടലിലുമുള്ള ഇറാൻ തുറമുഖങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തിന് പുറമെയാണിത്. കഴിഞ്ഞ ഏപ്രിലിൽ മജസ്റ്റിക് എക്‌സ്, ടിഫാനി എന്നീ രണ്ട് ഇറാൻ കപ്പലുകളും യു.എസ് സമാനമായ രീതിയിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് പിടിച്ചെടുത്തിരുന്നു. തങ്ങളുടെ ആണവ നിബന്ധനകൾ അംഗീകരിക്കാൻ ഇറാനുമേൽ ട്രംപ് ഭരണകൂടം കടുത്ത സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടികൾ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



