വാഷിംഗ്ടണ്‍– ഇറാനുമായി അമേരിക്ക അതീവ രഹസ്യ സ്വഭാവമുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരുന്ന സമയത്ത്, ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി, പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ് എന്നിവരുള്‍പ്പെടെയുള്ള രാജ്യത്തെ മുതിര്‍ന്ന നയതന്ത്രജ്ഞരെ വധിക്കാന്‍ ഇസ്രായില്‍ പദ്ധതിയിട്ടിരുന്നതായി യു.എസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. മേഖലയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിലെത്താന്‍ ലക്ഷ്യമിട്ടുള്ള ചര്‍ച്ചകളെ ഇത് ബാധിക്കുമെന്ന് ഭയന്ന്, പദ്ധതിയപകടം തിരിച്ചറിഞ്ഞ യു.എസ് ഭരണകൂടം ഇസ്രായിലിനെ ഇതിൽ നിന്ന് തടയാൻ നേരിട്ട് ഇടപെടുകയായിരുന്നു.
ഇറാന് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ് ഇസ്രായിലിന്റെ ലക്ഷ്യപ്പട്ടികയില്‍ ഉണ്ടെന്ന് അമേരിക്കന്‍ ഭരണകൂടത്തിന് കൃത്യമായ വിവരമുണ്ടായിരുന്നുവെന്നും അദ്ദേഹത്തെ ലക്ഷ്യം വെക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഇസ്രായിലിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘ന്യൂയോര്‍ക്ക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. മുതിര്‍ന്ന ഇറാന് നേതാക്കളെ വധിക്കുന്നത് ചര്‍ച്ചകളെ പൂര്‍ണ്ണമായി തടസ്സപ്പെടുത്തുമെന്ന് ഭയന്ന അമേരിക്ക, ഇസ്രായില്‍ ഈ രണ്ട് നേതാക്കളെ ലക്ഷ്യം വെക്കാനുള്ള സാധ്യതയെ കുറിച്ച് ഇറാന് കൃത്യമായ മുന്നറിയിപ്പ് നല്കാൻ മധ്യസ്ഥത വഹിക്കുന്ന മറ്റ് പ്രാദേശിക രാജ്യങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.
ഖാലിബാഫ് രണ്ടുതവണ ഇത്തരത്തിൽ ഇസ്രായിൽ ആക്രമണങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. പര്വതത്തിനടിയിലെ ബങ്കറില്‍ മുതിര്‍ന്ന ഇറാന് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത രഹസ്യ യോഗം ലക്ഷ്യം വെച്ച് ഇസ്രായില്‍ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ നിന്ന് ഉൾപ്പെടെയാണ് അദ്ദേഹം രക്ഷപ്പെട്ടത്. രണ്ടു തവണയും അവശിഷ്ടങ്ങള്ക്കടിയിലായിരുന്ന ഖാലിബാഫിനെ സുരക്ഷാ സേന രക്ഷപ്പെടുത്തുകയായിരുന്നു.
ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ സുരക്ഷാ ഭീഷണികൾ കണക്കിലെടുത്ത് ഇറാന് തങ്ങളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കായി കര്‍ശനമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. യു.എസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ഭാഗമായി ഖാലിബാഫ് ഇസ്ലാമാബാദിലേക്ക് പോകാന്‍ തീരുമാനിച്ച ഘട്ടത്തിൽ, ഈ സന്ദർശനം മുതലെടുത്ത് ഇസ്രായിൽ വധശ്രമം നടത്തിയേക്കുമെന്ന് ഇറാന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, ഇറാന് പ്രതിനിധി സംഘത്തെ ലക്ഷ്യമിട്ട് ഇസ്രായില്‍ രഹസ്യ ഓപ്പറേഷനുകൾ നടത്തില്ലെന്ന് പാകിസ്ഥാനിലെയും ഖത്തറിലെയും ഇടനിലക്കാര്‍ വഴി ഇറാന് അമേരിക്കയില്‍ നിന്ന് കൃത്യമായ ഉറപ്പ് തേടിയിരുന്നു. 70 ലേറെ ഉദ്യോഗസ്ഥരുടെ സംഘം സഞ്ചരിച്ച ഇറാന് വിമാനങ്ങള്‍ക്ക് ഇറാന് അതിര്‍ത്തിയില്‍ നിന്ന് ഇസ്ലാമാബാദിലേക്കും തിരിച്ചുമുള്ള യാത്രയില്‍ പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ പ്രത്യേക സുരക്ഷാ അകമ്പടി സേവിക്കുകയും ചെയ്തു.
എന്നാൽ പ്രതിനിധി സംഘം തെഹ്റാനിലേക്ക് മടങ്ങുന്നതിനിടെ അതീവ ഗുരുതരമായ സുരക്ഷാ ഭീഷണി വീണ്ടും ഉയര്‍ന്നുവന്നു. പടിഞ്ഞാറന്‍ അതിര്‍ത്തി വഴി രണ്ട് ഇസ്രായിലി യുദ്ധവിമാനങ്ങള്‍ ഇറാന് വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ചതായും ഖാലിബാഫിനെ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നുമുള്ള രഹസ്യാന്വേഷണ വിവരങ്ങള്‍ സുരക്ഷാ വിഭാഗത്തിന് ലഭിച്ചു. ഖാലിബാഫിനൊപ്പം വിമാനത്തിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് മെഹ്ദി മുഹമ്മദി ഇക്കാര്യം പിന്നീട് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് വിമാനം പാകിസ്ഥാന് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഇറാന് വിമാനത്താവളമായ മഷ്ഹദിൽ അടിയന്തരമായി ഇറക്കുകയായിരുന്നു. പിന്നീട് റോഡ് മാർഗ്ഗം എട്ട് മണിക്കൂറോളം സഞ്ചരിച്ചാണ് പ്രതിനിധി സംഘം തെഹ്റാനില്‍ തിരിച്ചെത്തിയത്.
ഈ കടുത്ത സുരക്ഷാ വെല്ലുവിളികൾക്കിടയിലും നയതന്ത്ര ശ്രമങ്ങളുമായി ഇറാന് മുന്നോട്ട് പോയി. ഖാലിബാഫും അറാഖ്ജിയും ചര്‍ച്ചകള്‍ക്കായി ഖത്തറിലേക്കും, തുടർന്ന് സ്വിറ്റ്സര്‍ലന്‍ഡിലേക്കും യാത്ര തിരിച്ച് യു.എസ് പ്രതിനിധികളുമായി നേരിട്ടുള്ള കൂടിക്കാഴ്ചകളിൽ പങ്കാളികളാവുകയും ചെയ്തു.
നേരത്തെ ഇരുവിഭാഗങ്ങളും തമ്മിൽ പൊട്ടിപ്പുറപ്പെട്ട കടുത്ത സൈനിക സംഘർഷങ്ങളിൽ ഇറാന്റെ പരമോന്നത നേതാവ് അലി ഖാംനഇ ഉൾപ്പെടെയുള്ള നിരവധി മുതിര്‍ന്ന നേതാക്കൾ കൊല്ലപ്പെട്ടിരുന്നു. യുദ്ധത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ ഇറാന്റെ നാവികസേനയെയും മിസൈല്‍ സംവിധാനങ്ങളെയും കേന്ദ്രീകരിച്ചാണ് യു.എസ് ആക്രമണങ്ങള്‍ നടത്തിയത്. എന്നാൽ ഇസ്രായിലാകട്ടെ ഇറാന്റെ രാഷ്ട്രീയ-സൈനിക നേതൃത്വത്തെ പൂർണ്ണമായി ഇല്ലാതാക്കാനാണ് മുന്‍ഗണന നല്‍കിയത്. അമേരിക്കയുമായുള്ള ചര്‍ച്ചാ പ്രക്രിയകളില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മിതവാദികളായ ഇറാന് ദേശീയ സുരക്ഷാ കൗണ്‍സില്‍ ഉന്നത ഉദ്യോഗസ്ഥന് അലി ലാരിജാനി, മുന്‍ ഇറാന് വിദേശകാര്യ മന്ത്രി കമാൽ ഖരാസി എന്നിവരും മുൻപ് ഇസ്രായിലിന്റെ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു.



