കുവൈത്ത് സിറ്റി – കുവൈത്ത് വിമാനത്താവളത്തില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ഇറാന്‍ മനഃപൂര്‍വ്വവും കണക്കുകൂട്ടിയതും പ്രകോപനമില്ലാത്തതുമായ ആക്രമണമാണ് നടത്തിയതെന്ന് യു.എസ് സൈന്യം. യു.എസ് ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ പതിച്ചാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് കേടുപാടുകള്‍ സംഭവിച്ചതെന്ന ഇറാന്റെ അവകാശവാദം തെറ്റാണെന്നും യു.എസ് സൈന്യം പറഞ്ഞു. എന്നാല്‍ കുവൈത്ത് വിമാനത്താവളം ആക്രമിച്ചിട്ടില്ലെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് വാദിച്ചു. ഇറാന്‍ മിസൈലുകള്‍ തടയുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് യു.എസ് പാട്രിയറ്റ് മിസൈല്‍ സംവിധാനങ്ങളിലെ തകരാറിന്റെ ഫലമായാണ് വിമാനത്താവളത്തിന്റെ പാസഞ്ചര്‍ ടെര്‍മിനലിന് കേടുപാടുകള്‍ സംഭവിച്ചതെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കൂട്ടിച്ചേര്‍ത്തു.
കുവൈത്തിനെതിരായ ഇറാന്‍ ആക്രമണങ്ങളില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെടുകയും 63 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. ബഹ്റൈനിനെതിരായ സമാനമായ ആക്രമണങ്ങള്‍ യു.എസും ബഹ്റൈന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തടഞ്ഞു. കുവൈത്തിനെയും ബഹ്റൈനിനെയും ആക്രമിച്ചതായി റെവല്യൂഷണറി ഗാര്‍ഡ് സ്ഥിരീകരിച്ചു. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ കപ്പലിന് നേരെയും ഖെഷം ദ്വീപിലും യു.എസ് നടത്തിയ ആക്രമണത്തിന് പ്രതികാരമായി, യു.എസ് സൈനികര്‍ തമ്പടിച്ച കുവൈത്തിലെ അലി അല്‍സാലിം വ്യോമതാവളത്തെയും ബഹ്റൈനിലെ യു.എസ് ഫിഫ്ത്ത് ഫ്‌ളീറ്റ് ആസ്ഥാനത്തെയും ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തിയതായി റെവല്യൂഷണറി ഗാര്‍ഡ് വ്യക്തമാക്കി.
അതിനിടെ, ഇന്നലെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍-1 ല്‍ ഇറാന്‍ ഡ്രോണുകള്‍ നടത്തിയ ആക്രമണത്തിന്റെ ആദ്യ ദൃശ്യങ്ങള്‍ കുവൈത്ത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തുവിട്ടു. ആക്രമണത്തില്‍ വിമാനത്താവളത്തിനുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി ഈ ദൃശ്യങ്ങള്‍ കാണിക്കുന്നു. എയര്‍പോര്‍ട്ടില്‍ ഡ്രോണുകള്‍ പതിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.



