വാഷിംഗ്ടണ്‍ – ഹുര്‍മുസ് കടലിടുക്കില്‍ കപ്പല്‍ ഗതാഗതത്തിന് ഭീഷണി ഉയര്‍ത്തുന്ന ഇറാന്റെ ശേഷികള്‍ അമേരിക്ക നശിപ്പിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒരു ഭീഷണി മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. ഇത് ഇല്ലാതാക്കാന്‍ അമേരിക്ക പ്രവര്‍ത്തിക്കുന്നു. അമേരിക്ക ഇപ്പോള്‍ ഹുര്‍മുസ് കടലിടുക്ക് തുറക്കാനും വൃത്തിയാക്കാനുമുള്ള പ്രക്രിയ ആരംഭിച്ചു. ഹുര്‍മുസ് കടലിടുക്ക് ഉടന്‍ തന്നെ സമുദ്ര ഗതാഗതത്തിനായി വീണ്ടും തുറക്കും. ലോകത്തിലെ അഞ്ചിലൊന്ന് എണ്ണ, വാതക ടാങ്കറുകള്‍ കടന്നുപോകുന്ന ഈ സുപ്രധാന ജലപാത അമേരിക്ക ഉടന്‍ തന്നെ മൈനുകള്‍ നീക്കം ചെയ്ത് വൃത്തിയാക്കും. കടലിടുക്കില്‍ സ്ഥാപിച്ചിരിക്കുന്ന ഇറാന്‍ മൈനുകള്‍ സൃഷ്ടിക്കുന്ന ഭീഷണി ഉടന്‍ തന്നെ ഇല്ലാതാക്കും. ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഫ്രാന്‍സ്, ജര്‍മ്മനി, തുടങ്ങിയ ലോകത്തിലെ എല്ലാ രാജ്യങ്ങള്‍ക്കും ഒരു സേവനമെന്ന നിലയില്‍ ഹുര്‍മുസ് കടലിടുക്ക് വൃത്തിയാക്കുന്ന പ്രക്രിയ ഞങ്ങള്‍ ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. അവര്‍ക്ക് ഈ ജോലി സ്വയം ചെയ്യാന്‍ ധൈര്യമോ ഇച്ഛാശക്തിയോ ഇല്ല എന്നത് ആശ്ചര്യകരമാണെന്ന് ട്രംപ് പറഞ്ഞു. ഇറാന്റെ പക്കലുണ്ടായിരുന്ന മൈന്‍ സ്ഥാപിക്കുന്ന 28 കപ്പലുകളും യു.എസ് സേന മുക്കി. അവ ഇപ്പോള്‍ കടലിനടിലാണ്. ഇത് ഹുര്‍മുസ് കടലിടുക്കിലെ ഷിപ്പിംഗിനെ ഭീഷണിപ്പെടുത്താനുള്ള ഇറാന്റെ കഴിവ് കുറയുന്നതിന്റെ സൂചനയാണെന്നും ട്രംപ് വ്യക്തമാക്കി.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് യു.എസ്, ഇറാന്‍, പാകിസ്ഥാന്‍ എന്നിവ തമ്മിലുള്ള ത്രികക്ഷി ചര്‍ച്ചകള്‍ ഇസ്ലാമാബാദില്‍ ആരംഭിച്ചതോടെ നിരവധി യു.എസ് നാവികസേനാ കപ്പലുകള്‍ ഹുര്‍മുസ് കടലിടുക്ക് കടന്നതായി യു.എസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ഫെബ്രുവരി 28 ന് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ആദ്യമായാണ് ഹുര്‍മുസിലൂടെ അമേരിക്കന്‍ നാവികസേനാ കപ്പലുകള്‍ കടന്നുപോകുന്നത്. ഇറാനുമായി ഏകോപം നടത്താതെയാണ് അമേരിക്കന്‍ കപ്പലുകള്‍ കടലിടുക്കിലൂടെ കടന്നുപോയത്. അന്താരാഷ്ട്ര ജലാശയങ്ങളില്‍ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള കഴിവ് പ്രകടിപ്പിക്കാന്‍ യു.എസ് യുദ്ധക്കപ്പലുകള്‍ ഹുര്‍മുസ് കടലിടുക്കിലൂടെ ഗള്‍ഫ് ഉള്‍ക്കടലിലേക്ക് പ്രവേശിക്കുകയും കടലിടുക്കിലൂടെ പുറത്തുകടക്കുകയും ചെയ്തതായി അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു. എന്നാല്‍ ഒരു യു.എസ് കപ്പലും കടലിടുക്ക് കടന്നിട്ടില്ലെന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ട് ഇറാന്‍ സൈനിക ഉദ്യോഗസ്ഥന്‍ അമേിക്കയുടെ അവകാശവാദം നിഷേധിച്ചു.



