തെഹ്‌റാന്‍ – ഇസ്രായാലിന് വേണ്ടി ചാരവൃത്തി നടത്തിയതിന് ഇറാനില്‍ ഇന്ന് രണ്ട് പേര്‍ക്ക് വധശിക്ഷ നടപ്പാക്കിയതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മധ്യ ഇറാനിലെ ഇസ്ഫഹാനിലെ നതാന്‍സ് ആണവ കേന്ദ്രത്തിന് സമീപം രഹസ്യാന്വേഷണ വിവരങ്ങള്‍ ശേഖരിച്ചെന്ന ആരോപണം ഇവരില്‍ ഒരാള്‍ നേരിട്ടു. ഇസ്രായിലുമായും അതിന്റെ മൊസാദ് രഹസ്യാന്വേഷണ ഏജന്‍സിയുമായും രഹസ്യാന്വേഷണ സഹകരണം നടത്തിയതിന് ശിക്ഷിക്കപ്പെട്ട യഅ്ക്കൂബ് കരിംബൂറിനെയും നാസര്‍ ബകര്‍സാദെയെയും തൂക്കിലേറ്റിയതായി ജുഡീഷ്യറി അറിയിച്ചതായി മാധ്യമങ്ങള്‍ വ്യക്തമാക്കി. യഅ്ക്കൂബ് കരിംബൂര്‍ മൊസാദ് ഉദ്യോഗസ്ഥന് സെന്‍സിറ്റീവ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായും, നാസര്‍ ബകര്‍സാദെ നതാന്‍സ് പ്രദേശം അടക്കം പ്രധാന സ്ഥലങ്ങളെയും സര്‍ക്കാര്‍, മത നേതാക്കളെയും കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് കൈമാറിയതായും ജുഡീഷ്യറി കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി 28 ന് ഇറാനില്‍ യു.എസ്-ഇസ്രായില്‍ ആക്രമണങ്ങളോടെ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം, 2026 ജനുവരിയില്‍ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഒമ്പത് പേരെയും പ്രതിപക്ഷ ഗ്രൂപ്പുകളില്‍ പെട്ടവരെന്ന് സംശയിക്കുന്ന പത്ത് പേരെയും ചാരവൃത്തി ആരോപിച്ച് രണ്ട് പേരെയും ഇറാന്‍ വധശിക്ഷക്ക് വിധേയരാക്കിയിട്ടുണ്ടെന്ന് യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ കഴിഞ്ഞ ബുധനാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.



