തെഹ്‌റാന്‍ – ഇറാന്‍ കീഴടങ്ങില്ലെന്നും യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും ചര്‍ച്ചകള്‍ക്ക് മുന്‍ഗണന നല്‍കുന്നതായും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ആവര്‍ത്തിച്ചു. ഇറാന്‍ യുദ്ധവും അസ്ഥിരതയും ആഗ്രഹിക്കുന്നില്ല. മറിച്ച്, ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളുമായി സംഭാഷണത്തിനും ക്രിയാത്മകമായ ഇടപെടലിനുമുള്ള പ്രതിബദ്ധത രാജ്യം എപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്‍ ആര്‍ക്കു മുന്നിലും ഒരിക്കലും കീഴടങ്ങില്ല. മറ്റുള്ളവരുടെ ഇഷ്ടം അടിച്ചേല്‍പ്പിക്കാനും കീഴടങ്ങാന്‍ പ്രേരിപ്പിക്കാനുമുള്ള ഏതൊരു ശ്രമവും വിഫലമാകുമെന്ന് പെസെഷ്‌കിയാന്‍ പറഞ്ഞു.
അന്താരാഷ്ട്ര വ്യവസ്ഥയുടെ ഇരട്ടത്താപ്പിനെ അദ്ദേഹം വിമര്‍ശിച്ചു. അന്താരാഷ്ട്ര സംവിധാനത്തിന്റെ ഇരട്ടത്താപ്പിനെ ഞങ്ങള്‍ അപലപിക്കുന്നു. മറ്റ് രാജ്യങ്ങള്‍ക്കെതിരായ ഏതൊരു സൈനിക നടപടിയും അന്താരാഷ്ട്ര തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. ഇറാനെതിരായ ആക്രമണം യു.എന്‍ അധികാരപ്പെടുത്തിയാണോ നടത്തിയത്? എന്താണ് ഇറാന്‍ ചെയ്ത കുറ്റകൃത്യം? സാധാരണക്കാരെയും ഉന്നതരെയും കുട്ടികളെയും ലക്ഷ്യമാക്കി, സ്‌കൂളുകളും ആശുപത്രികളും ഉള്‍പ്പെടെയുള്ള സുപ്രധാന കേന്ദ്രങ്ങള്‍ നശിപ്പിക്കാനുള്ള ന്യായീകരണമെന്താണെന്ന് ഇറാന്‍ പ്രസിഡന്റ് ആരാഞ്ഞു.



