തെല്‍അവീവ് – ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖാംനഇയുടെ കൃത്യമായ സ്ഥാനം തങ്ങള്‍ക്കറിയാമെന്ന് ഇസ്രായിലി രഹസാന്വേഷണ ഏജന്‍സിയായ മൊസാദ്. എന്നാൽ പ്രസ്താവനകളെ തള്ളി ഇറാന് രംഗത്തെത്തി. മുജ്തബ ഖാംനഇ വളരെ സുരക്ഷിതവും വെളിപ്പെടുത്താത്തതുമായ സ്ഥലത്താണ് കഴിയുന്നതെന്ന് ഇറാന്‍ ചീഫ് ഓഫ് സ്റ്റാഫ് വ്യക്തമാക്കി. മുജ്തബ ഖാംനഇ കഴിയുന്ന സ്ഥലം നിര്‍ണയിക്കാന്‍ അമേരിക്കക്ക് കഴിഞ്ഞിട്ടില്ല. അതിനാല്‍ മൊസാദിനും അതിന് കഴിയില്ലെന്നും ഇറാന്‍ ചീഫ് ഓഫ് സ്റ്റാഫ് കൂട്ടിച്ചേര്‍ത്തു.
ഇതിന് മറുപടിയായി, 500 ദിവസക്കാലം ഇറാനില്‍ തങ്ങള്‍ ഓപ്പറേഷനുകള്‍ നടത്തിയതായി മൊസാദ് അവകാശപ്പെട്ടു. തങ്ങളുടെ ഏജന്റുമാരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഇറാന് അറിയാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ ആരാണെന്ന് മറ്റുള്ളവര്‍ക്കു മുന്നില്‍ തെളിയിക്കേണ്ട ആവശ്യം തങ്ങള്‍ക്കില്ല. മൊസാദിന്റെ ശേഷികള്‍ ലോകത്തിന് അറിയാവുന്നതാണ്. അതെ, മുജ്തബ ഖാംനഇയുടെ സ്ഥാനം ഞങ്ങള്‍ക്കറിയമെന്ന് മൊസാദ് പറഞ്ഞു.
ഇറാനും അമേരിക്കയും തമ്മിലുള്ള പുതിയ യുദ്ധത്തിന് തിരികൊളുത്തി ഫെബ്രുവരി 28 ന് ഇറാനില്‍ അമേരിക്കയും ഇസ്രായിലും ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ മുന്‍ പരമോന്നത നേതാവ് അലി ഖാംനഇ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് പുത്രനായ മുജ്തബ ഖാംനഇ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്. പിതാവും അടുത്ത ബന്ധുക്കളും നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ട അതേ ആക്രമണത്തില്‍ മുജ്തബ ഖാംനഇക്ക് ഗുരുതരമായി പരിക്കേറ്റതായി പരക്കെ വിശ്വസിക്കപ്പെടുന്നു. ഇദ്ദേഹത്തിന് അംഗവൈകല്യം സംഭവിച്ചതായും മുഖം വികൃതമായതായും പരസഹായമില്ലാതെ ഒന്നിനും കഴിയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുജ്തബ ഖാംനഇ കൊല്ലപ്പെട്ടിരിക്കാനുള്ള സാധ്യത 90 ശതമാനമാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞയാഴ്ച പ്രസ്താവിച്ചു. പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ട ശേഷം മുജ്തബ ഖാംനഇ ഇതുവരെ പരസ്യമായി പ്രത്യക്ഷപ്പെട്ടിട്ടില്ല. പിതാവ് അലി ഖാംനഇയുടെ സംസ്‌കാര ചടങ്ങില്‍ പോലും മുജ്തബ പങ്കെടുത്തിരുന്നില്ല. രേഖാമൂലമുള്ള ഏതാനും പ്രസ്താവനകള്‍ മാത്രമാണ് മുജ്തബയുടെതായി ഇതുവരെ പുറത്തുവന്നിരിക്കുന്നത്.



