തെഹ്‌റാന്‍ – ഇറാന്‍ നീണ്ട യുദ്ധത്തിന് സ്വയം തയ്യാറെടുത്തതായി ഇറാന്‍ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി. അമേരിക്കയില്‍ നിന്ന് വ്യത്യസ്തമായി ഇറാന്‍ ഒരു നീണ്ട യുദ്ധത്തിന് സ്വയം തയ്യാറെടുത്തിരിക്കുന്നുവെന്ന് എക്‌സ് പ്ലാറ്റ്ഫോമിലെ പോസ്റ്റില്‍ ലാരിജാനി വ്യക്തമാക്കി. നേരത്തെ, ഇറാന്‍ അമേരിക്കയുമായി ചര്‍ച്ച നടത്തില്ല എന്ന് ലാരിജാനി പ്രസ്താവിച്ചു.
ഇറാനുമായുള്ള യുദ്ധം ഇറാഖുമായി നടത്തിയ യുദ്ധത്തിന് സമാനമല്ലെന്നും ഇത് അനന്തമായ യുദ്ധമല്ലെന്നും യു.എസ് പ്രതിരോധ മന്ത്രി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു. അമേരിക്ക ആദ്യം എന്ന തത്വങ്ങള്‍ക്കനുസൃതമായാണ് അമേരിക്ക ഈ സൈനിക നടപടി അവസാനിപ്പിക്കുക. ഇത് ഭരണമാറ്റത്തിനായുള്ള യുദ്ധമല്ല. ഭരണകൂടം ഇതിനകം മാറിയിരിക്കുന്നുവെന്ന് പെന്റഗണില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഹെഗ്സെത്ത് കൂട്ടിചേർത്തു. ഇറാനുമായുള്ള യുദ്ധം ജനാധിപത്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയല്ല. ഇറാന്റെ മിസൈലുകളും നാവികസേനയും നശിപ്പിക്കുകയും ആണവായുധങ്ങള്‍ നേടുന്നത് തടയുകയും ചെയ്യുകയാണ് ഇറാനിലെ യു.എസ് ദൗത്യത്തിന്റെ ലക്ഷ്യം. ഇറാനെതിരായ ഓപ്പറേഷനില്‍ ആളപായങ്ങള്‍ ഉണ്ടാകുമെന്ന് ഹെഗ്സെത്ത് സമ്മതിച്ചു.



