സൂറിച്ച്: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും സുരക്ഷാ വെല്ലുവിളികളും കണക്കിലെടുത്ത് വരാനിരിക്കുന്ന ഫിഫ ലോകകപ്പിനുള്ള തങ്ങളുടെ ഔദ്യോഗിക പരിശീലന ക്യാമ്പ് അമേരിക്കയിൽ നിന്ന് മെക്സിക്കോയിലേക്ക് മാറ്റി ഇറാൻ. ഇറാന്റെ അപേക്ഷ അംഗീകരിച്ച് മെക്സിക്കോയിലെ ടിവാനയിലുള്ള സെൻട്രോ സോളോയിറ്റ്സ്ക്വിന്റ്റ്ലെ പുതിയ ബേസ് ക്യാമ്പായി ഫിഫ തിങ്കളാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു.
അമേരിക്കയിലെ അൽബെർട്ടയിലുള്ള ട്യൂസൺ സ്പോർട്സ് കോംപ്ലക്സായിരുന്നു ഇറാൻ ദേശീയ ടീം ആദ്യം ആസ്ഥാനമായി നിശ്ചയിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ഫെബ്രുവരി അവസാനം ഇറാന് നേരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണങ്ങളെത്തുടർന്ന് സുരക്ഷ മുൻനിർത്തി ക്യാമ്പ് മാറ്റാൻ ഇറാൻ ഫിഫയെ സമീപിക്കുകയായിരുന്നു. ഫിഫ അധികൃതരുമായി ഇസ്താംബുളിൽ നടത്തിയ കൂടിക്കാഴ്ചകൾക്കും ടെഹ്റാനിൽ വെച്ച് നടന്ന വെബിനാറിനും ശേഷമാണ് അനുമതി ലഭിച്ചതെന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് മെഹ്ദി താജ് വ്യക്തമാക്കി.
അതേസമയം, ഇറാന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ വേദികളിൽ മാറ്റമുണ്ടാകില്ലെന്ന് ഫിഫ അറിയിച്ചു. ഗ്രൂപ്പ് ജി-യിൽ ഉൾപ്പെട്ടിട്ടുള്ള ഇറാൻ തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങൾ ലോസ് ആഞ്ചലസിലാണ് കളിക്കുക. ജൂൺ 15-ന് ന്യൂസിലൻഡിനെതിരെയും ജൂൺ 21-ന് ബെൽജിയത്തിനെതിരെയുമാണ് മത്സരങ്ങൾ. മൂന്നാമത്തെ മത്സരം ജൂൺ 26-ന് സിയാറ്റിലിൽ ഈജിപ്റ്റിനെതിരെ നടക്കും. അമേരിക്കൻ അതിർത്തിയോട് ചേർന്നുകിടക്കുന്ന മെക്സിക്കൻ നഗരമായ ടിവാനയിലേക്ക് ക്യാമ്പ് മാറ്റുന്നത് വഴി കളിക്കാർക്ക് യു.എസ് വിസ ലഭിക്കുന്നതുമായി ബന്ധപ്പെട്ട തടസ്സങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാൻ സാധിക്കുമെന്നാണ് ഇറാന്റെ വിലയിരുത്തൽ. ടീമിലെ കളിക്കാർക്കും സ്റ്റാഫുകൾക്കും ഇതുവരെ യു.എസ് വിസ അനുവദിച്ചിട്ടില്ലെന്ന് ഇറാൻ അധികൃതർ ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു.
അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പ് ജൂൺ 11 മുതൽ ജൂൺ 19 വരെയാണ് നടക്കുന്നത്.



