തെഹ്‌റാന്‍– പരിമിതമായ തോതിലാണെങ്കില്‍ പോലും ഏതൊരു യു.എസ് ആക്രമണവും തിരിച്ചടി ആവശ്യപ്പെടുന്ന ആക്രമണാത്മക നടപടിയായി കണക്കാക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഒമാന്റെ മധ്യസ്ഥതയില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളില്‍ കരാറില്‍ എത്തിയില്ലെങ്കില്‍ ഇറാനെതിരെ പരിമിതമായ ആക്രമണം പരിഗണിക്കുകയാണെന്ന് വെള്ളിയാഴ്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രസ്താവിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് ഇറാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. പരിമിതമായ ആക്രമണം എന്നൊന്നില്ല. ഏതൊരു ആക്രമണാത്മക പ്രവൃത്തിയും ആക്രമണാത്മകമായി കണക്കാക്കുമെന്ന് പരിമിതമായ ആക്രമണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി ഇറാന്‍ വിദേശ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഖാഇ പ്രതിവാര പത്രസമ്മേളനത്തില്‍ പറഞ്ഞു. ഏതൊരു രാജ്യവും നിയമാനുസൃതമായ സ്വയം പ്രതിരോധത്തിനുള്ള അന്തര്‍ലീനമായ അവകാശം അടിസ്ഥാനമാക്കി ആക്രമണത്തോട് ശക്തമായി പ്രതികരിക്കും. അതാണ് ഞങ്ങളും ചെയ്യുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
ഫെബ്രുവരി ആദ്യം ഇരുപക്ഷവും ഒമാന്റെ മധ്യസ്ഥതയില്‍ പരോക്ഷ ചര്‍ച്ചകള്‍ പുനരാരംഭിച്ചു. മസ്‌കത്തിലും ജനീവയിലും രണ്ട് റൗണ്ട് ചര്‍ച്ചകള്‍ നടത്തി. ഒമാന്‍ വിദേശ മന്ത്രി ബദര്‍ ബിന്‍ ഹമദ് അല്‍ബൂസഈദി സ്ഥിരീകരിച്ചതുപോലെ, വ്യാഴാഴ്ച സ്വിസ് നഗരത്തില്‍ മൂന്നാം റൗണ്ട് ചര്‍ച്ച നടക്കും. ഇറാനും അമേരിക്കയും തമ്മില്‍ നയതന്ത്ര ഒത്തുതീര്‍പ്പിലെത്താന്‍ നല്ല അവസരമുണ്ടെന്ന് ഇറാന്‍ ചര്‍ച്ചാ സംഘത്തെ നയിക്കുന്ന ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി പറഞ്ഞു. എല്ലാവര്‍ക്കും പ്രയോജനകരമായ ഒരു നയതന്ത്ര പരിഹാരത്തിലെത്താന്‍ ഞങ്ങള്‍ക്ക് ഇപ്പോഴും നല്ല അവസരമുണ്ടെന്ന് താന്‍ കരുതുന്നതായി സി.ബി.എസ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അറാഖ്ജി ചൂണ്ടികാട്ടി. എന്നാല്‍, അമേരിക്കയുമായുള്ള പ്രധാന തര്‍ക്ക വിഷയമായ യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള തന്റെ രാജ്യത്തിന്റെ അവകാശം മുറുകെ പിടിക്കുന്നതായും മന്ത്രി കൂട്ടിചേർത്തു. ഒരു പരമാധികാര രാഷ്ട്രമെന്ന നിലയില്‍, യുറേനിയം സമ്പുഷ്ടീകരണ മേഖലയില്‍ നമുക്ക് സ്വയം തീരുമാനിക്കാന്‍ എല്ലാ അവകാശവുമുണ്ടെന്നും അറാഖ്ജി പ്രസ്താവിച്ചു.
ഇറാനെതിരെ സൈനിക നടപടിയെടുക്കുമെന്ന ട്രംപിന്റെ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഇറാനും അമേരിക്കയും ചര്‍ച്ചകള്‍ പുനരാരംഭിച്ചത്. നയതന്ത്ര ശ്രമങ്ങള്‍ക്ക് സമാന്തരമായി, മിഡില്‍ ഈസ്റ്റിലെ സൈനിക സാന്നിധ്യം അമേരിക്ക ശക്തിപ്പെടുത്തി. രണ്ട് വിമാനവാഹിനിക്കപ്പലുകളും, യുദ്ധവിമാനങ്ങളും സൈനിക ചരക്ക് വിമാനങ്ങളും യുദ്ധവിമാനങ്ങളില്‍ ആകാശത്തു വെച്ച് ഇന്ധനം നിറക്കുന്ന വിമാനങ്ങളും അടങ്ങിയ സ്‌ക്വാഡ്രണുകളും മേഖലയില്‍ അമേരിക്ക വിന്യസിച്ചു.
അമേരിക്കന്‍ സൈനിക സന്നാഹത്തിന് ഇറാന്‍ കീഴടങ്ങാത്തത് എന്തുകൊണ്ടാണെന്ന് ട്രംപ് ചോദ്യം ചെയ്യുന്നുവെന്ന് അമേരിക്കന്‍ ചര്‍ച്ചാ സംഘത്തെ നയിക്കുന്ന യു.എസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ശനിയാഴ്ച പത്രസമ്മേളനത്തില്‍ പറഞ്ഞു. കീഴടങ്ങല്‍ ഇറാന്റെ സ്വഭാവമല്ലെന്നും തങ്ങളുടെ രാജ്യത്തിന്റെ ചരിത്രത്തില്‍ ഒരിക്കലും തങ്ങള്‍ കീഴടങ്ങിയിട്ടില്ലെന്നും ഇസ്മായില്‍ ബഖാഇ മറുപടി നൽകി.
നയതന്ത്ര ശ്രമങ്ങളോ പരിമിതമായ യു.എസ് പ്രാരംഭ ആക്രമണമോ ഇറാനെ ആണവ പദ്ധതി ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടാല്‍, വരും മാസങ്ങളില്‍ ഇറാന്‍ നേതാക്കളെ ലക്ഷ്യമിട്ടുള്ള വിശാലമായ ആക്രമണം പരിഗണിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ഉപദേഷ്ടാക്കളോട് പറഞ്ഞതായി അഭിജ്ഞ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഇറാനെ ആക്രമിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനങ്ങളൊന്നും ട്രംപ് എടുത്തിട്ടില്ല. എന്നാല്‍ ഇറാന്റെ നേതാക്കള്‍ ആണവായുധം നിര്‍മ്മിക്കാനുള്ള ശേഷി ഉപേക്ഷിക്കാന്‍ തയ്യാറാകണമെന്ന് തെളിയിക്കാന്‍ ഉദ്ദേശിച്ചുള്ള പ്രാഥമിക ആക്രമണം വരും ദിവസങ്ങളില്‍ നടത്താന്‍ ട്രംപ് ലക്ഷ്യമിടുന്നു. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് ആസ്ഥാനം മുതല്‍ രാജ്യത്തിന്റെ ആണവ കേന്ദ്രങ്ങളും ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയും വരെ പരിഗണനയിലുള്ള ആക്രമണ ലക്ഷ്യങ്ങളാണ്.
ഈ നടപടികള്‍ തന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇറാനെ ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടാല്‍, ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടുള്ള വ്യാപകമായ സൈനിക ആക്രമണത്തിനുള്ള സാധ്യത ഈ വര്‍ഷം അവസാനത്തോടെ പരിഗണിക്കുമെന്ന് ട്രംപ് തന്റെ ഉപദേഷ്ടാക്കളോട് പറഞ്ഞു. വ്യോമാക്രമണങ്ങളിലൂടെ മാത്രം ഈ ലക്ഷ്യം കൈവരിക്കാനാകുമോ എന്നതിനെ കുറിച്ച് യു.എസ് ഭരണകൂടത്തിനുള്ളില്‍ പോലും സംശയങ്ങളുണ്ട്. സൈനിക സംഘര്‍ഷം ഒഴിവാക്കാനുള്ള പുതിയ നിര്‍ദേശം ഇരുപക്ഷവും പരിഗണിക്കുന്നു. ഗവേഷണത്തിനും വൈദ്യചികിത്സക്കും മാത്രമായി ഇറാന് നടത്താന്‍ കഴിയുന്ന വളരെ പരിമിതമായ ആണവ സമ്പുഷ്ടീകരണ പദ്ധതിയും ഈ നിര്‍ദേശത്തില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ ആണവ നിര്‍വ്യാപന ഉടമ്പടി പ്രകാരം ആണവ ഇന്ധനം ഉല്‍പാദിപ്പിക്കാനുള്ള അവകാശം ഉപേക്ഷിക്കാന്‍ ഇറാന്‍ തയ്യാറല്ലെന്ന് ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി ഇന്നലെ സി.ബി.എസിന്റെ ഫേസ് ദി നേഷന്‍ പരിപാടിക്ക് നല്‍കിയ അഭിമുഖത്തില്‍ ആവര്‍ത്തിച്ചു.



