തെഹ്‌റാന്‍ – ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ലക്കെതിരായ സൈനിക പ്രവര്‍ത്തനങ്ങള്‍ ഇസ്രായില്‍ ശക്തമാക്കുന്നതിനിടെ, ലെബനോന്‍ തലസ്ഥാനമായ ബെയ്റൂത്തിനെതിരായ ഏതൊരു ആക്രമണവും മിഡില്‍ ഈസ്റ്റില്‍ വലിയ തോതിലുള്ള പുതിയ യുദ്ധത്തിലേക്ക് നയിക്കുമെന്ന് ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി മുന്നറിയിപ്പ് നല്‍കി. അമേരിക്കയുമായും ഇസ്രായിലുമായും ഇറാന്‍ നടത്തുന്ന യുദ്ധത്തിന്റെ വിധി ലെബനോനിലെ യുദ്ധത്തിന്റെ വിധിയില്‍ നിന്ന് വേറിട്ടതല്ലെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു എന്ന് ലെബനീസ് ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അറാഖ്ജി പറഞ്ഞു. ബെയ്റൂത്തിനെതിരായ ഏതൊരു ആക്രമണവും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഇത് വലിയ തോതിലുള്ള യുദ്ധം പുനരാരംഭിക്കുന്നതിലേക്ക് നയിക്കും.
ഇസ്രായില്‍ ബെയ്റൂത്ത് ആക്രമിച്ചാല്‍ അവരെ ആക്രമിക്കാന്‍ ഞങ്ങളുടെ സായുധ സേന തയ്യാറാണ്. യുദ്ധത്തിന്റെ അവസാനത്തോടെ അധിനിവിഷ്ട ലെബനോന്‍ പ്രദേശങ്ങളില്‍ നിന്ന് ഇസ്രായില്‍ സൈന്യത്തെ പിന്‍വലിക്കുകയും ലെബനോന്റെ പരമാധികാരവും പ്രാദേശിക സമഗ്രതയും സംരക്ഷിക്കുകയും ചെയ്യും. ഇത് പുനര്‍നിര്‍മ്മാണ ഘട്ടത്തിന്റെ ആരംഭത്തിന് വഴിയൊരുക്കുമെന്നും ഇറാന്‍ വിദേശ മന്ത്രി വ്യക്തമാക്കി. അതേസമയം, ഇരു രാജ്യങ്ങളും തമ്മില്‍ സമാധാനം കൈവരിക്കുന്നതിനുള്ള മുന്നോടിയായി ഹിസ്ബുല്ലയെ നിരായുധീകരിക്കുകയും ലെബനോനെ ആയുധമുക്തമാക്കുകയും ചെയ്യുക എന്ന ലക്ഷ്യം താനും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പങ്കിടുന്നതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു.



