തെഹ്‌റാന്‍ – അമേരിക്കയുമായി നേരിട്ടോ അല്ലാതെയോ ഒരുവിധ ചര്‍ച്ചയും നടത്തുന്നില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. അമേരിക്കയും ഇറാനും കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയെന്നും ഈ ആഴ്ച മുഴുവനും ചര്‍ച്ചകള്‍ തുടരുമെന്നുമുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് വ്യക്തമാക്കിയിരുന്നു. ആഗോള വിപണിയില്‍ ഊര്‍ജ വില കുറക്കാനും യുദ്ധപദ്ധതികള്‍ക്ക് സമയം കണ്ടെത്താനുമാണ് ട്രംപിന്റെ പ്രസ്താവനകളുടെ ലക്ഷ്യമെന്ന് ഇറാന്‍ വിദേശ മന്ത്രാലയം പറഞ്ഞു. എന്നിരുന്നാലും, പിരിമുറുക്കം കുറക്കാനുള്ള സംരംഭങ്ങളുണ്ട്. പക്ഷേ ഇറാന്‍ യുദ്ധം ആരംഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. തീവ്രത കുറക്കാനുള്ള പരിഹാരങ്ങള്‍ ഇറാനിലേക്കല്ല, അമേരിക്കയിലേക്കാണ് നയിക്കേണ്ടത് എന്നും വിദേശ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
നേരിട്ടോ ഇടനിലക്കാര്‍ വഴിയോ ഇറാന്‍ അമേരിക്കയുമായി ഒരു ആശയവിനിമയവും നടത്തുന്നില്ലെന്ന് മുതിര്‍ന്ന ഇറാന്‍ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചതായി ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമേഷ്യയിലെ മുഴുവന്‍ വൈദ്യുതി നിലയങ്ങളും ഇറാന്‍ ആക്രമിക്കുമെന്ന് കേട്ടതിനുശേഷം ട്രംപ് പിന്‍വാങ്ങുകയായിരുന്നെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആക്രമണത്തിന്റെ എല്ലാ സ്രോതസ്സുകളോടും ഇറാന്‍ സൈന്യം തുടര്‍ന്നും പ്രതികരിക്കും. മാനസിക യുദ്ധം തുടരുന്നിടത്തോളം കാലം ഹുര്‍മുസ് കടലിടുക്ക് യുദ്ധത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങില്ലെന്നും ഇറാന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.



