തെഹ്‌റാന്‍ – യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയുമായുള്ള ചര്‍ച്ചകളില്‍ കാര്യമായ പുരോഗതിയില്ലെന്ന് ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി. അമേരിക്കയുമായുള്ള ആശയവിനിമയ മാര്‍ഗങ്ങള്‍ അടഞ്ഞിട്ടില്ല. അമേരിക്കക്കാരുമായുള്ള ആശയവിനിമയം വിച്ഛേദിച്ചിട്ടില്ല. ബെയ്‌റൂത്തിനെതിരായ ആക്രമണം നിര്‍ത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സന്ദേശങ്ങള്‍ കൈമാറിയിട്ടുണ്ട്. പക്ഷേ ചര്‍ച്ചാ പ്രക്രിയയില്‍ വ്യക്തമായ പുരോഗതി ഉണ്ടായിട്ടില്ല. ചര്‍ച്ചാ മേശയിലേക്കുള്ള മടക്കം ഇറാന്‍ ജനതയുടെ അവകാശങ്ങള്‍ ഉറപ്പാക്കുക, ലെബനോനിലെ യുദ്ധം അവസാനിപ്പിക്കുക, മേഖലയിലെ പിരിമുറുക്കങ്ങള്‍ അവസാനിപ്പിക്കുക എന്നിവയെ ആശ്രയിച്ചിരിക്കുന്നതായും ഇറാന്‍ വിദേശ മന്ത്രി പറഞ്ഞു.
ഇറാന്‍ നേരിടുന്ന ഏതൊരു ആക്രമണത്തിനും ശക്തമായി തിരിച്ചടിക്കുമെന്ന്, അമേരിക്കന്‍ ആക്രമണങ്ങള്‍ക്ക് പ്രതികാരമായി കുവൈത്തിനെ ആക്രമിച്ചതായി റെവല്യൂഷണറി ഗാര്‍ഡ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാന്‍ പാര്‍ലമെന്റ് സ്പീക്കറും മുഖ്യ ചര്‍ച്ചക്കാരനുമായ മുഹമ്മദ് ബാഖര്‍ ഖാലിബാഫ് വ്യക്തമാക്കി. ഇറാനെതിരെ അനാവശ്യ ഭീഷണികള്‍ പുറപ്പെടുവിക്കുന്ന കാലഘട്ടം അവസാനിച്ചിരിക്കുന്നു. ഏതൊരു ആക്രമണത്തിനും നിര്‍ണായകവും ആനുപാതികവുമായ തിരിച്ചടി ലഭിക്കുമെന്ന് ഇറാനിയന്‍ ജനത തെളിയിച്ചതായി ഖാലിബാഫ് കൂട്ടിചേർത്തു.



