വാഷിംഗ്ടണ്‍– വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കുള്ള ഇറാന്റെ ആവശ്യങ്ങള്‍ പരിഹാസ്യവും യാഥാര്‍ഥ്യബോധമില്ലാത്തതുമാണെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന് തങ്ങള്‍ക്ക് കര്‍ശനമായ വ്യവസ്ഥകളുണ്ടെന്ന് ഇറാന്‍ പ്രതിനിധികള്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടത്തെ അറിയിച്ചതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗള്‍ഫിലെ എല്ലാ യു.എസ് താവളങ്ങളും അടച്ചുപൂട്ടുക, ഇറാനെതിരായ ആക്രമണങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിനുണ്ടെന്ന് യു.എസ് വൃത്തങ്ങള്‍ പറയുന്നു. സൂയസ് കനാലില്‍ ഈജിപ്ത് സ്വീകരിക്കുന്ന രീതിക്ക് സമാനമായി, ഹുര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് ഫീസ് ഈടാക്കാന്‍ ഇറാനെ അനുവദിക്കുക, യുദ്ധം വീണ്ടും ആരംഭിക്കില്ല എന്നതിന് ഗ്യാരണ്ടി നല്‍കുക, ലെബനോനിലെ ഹിസ്ബുല്ലക്കെതിരായ ഇസ്രായിലി ആക്രമണങ്ങള്‍ നിര്‍ത്തുക, ഇറാനു മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന എല്ലാ ഉപരോധങ്ങളും പിന്‍വലിക്കുക, നിയന്ത്രിക്കാനുള്ള ഒരു ചര്‍ച്ചയും കൂടാതെ മിസൈല്‍ പ്രോഗ്രാം നിലനിര്‍ത്താന്‍ അനുവദിക്കുക എന്നിവയാണ് ഇറാന്റെ മറ്റ് ആവശ്യങ്ങള്‍.
ഈ ആവശ്യങ്ങള്‍ പരിഹാസ്യവും യാഥാര്‍ഥ്യബോധമില്ലാത്തതുമാണെന്ന് യു.എസ് ഉദ്യോഗസ്ഥന്‍ വിശേഷിപ്പിച്ചു. ഈ നിലപാടുകള്‍ ഇറാനുമായി ഒരു കരാറിലെത്തുന്നത് ട്രംപ് യുദ്ധം ആരംഭിക്കുന്നതിന് മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ ബുദ്ധിമുട്ടാക്കുമെന്ന് അറബ്, അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുതിയ നയതന്ത്ര ചര്‍ച്ചക്കുള്ള ആദ്യ സന്ദേശങ്ങള്‍ കഴിഞ്ഞ ആഴ്ച അവസാനം മിഡില്‍ ഈസ്റ്റിലെ മധ്യസ്ഥരില്‍ നിന്നാണ് വന്നതെന്നും അമേരിക്കയും ഇറാനും നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും യു.എസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.



