തെഹ്‌റാൻ: മനുഷ്യാവകാശ വിഷയങ്ങളിൽ അമേരിക്കൻ ഭരണകൂടം ഇരട്ടത്താപ്പാണ് പുലർത്തുന്നതെന്ന് ഇറാൻ ലീഗൽ-അന്താരാഷ്ട്ര കാര്യങ്ങൾക്കായുള്ള ഉപവിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി. ഇസ്രയിൽ ഭരണകൂടവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വരുമ്പോഴെല്ലാം അമേരിക്ക നിയമ തത്ത്വങ്ങളെല്ലാം കാറ്റിൽപ്പറത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഫലസ്തീൻ പ്രദേശങ്ങളിലെ യു.എൻ മനുഷ്യാവകാശ പ്രതിനിധി ഫ്രാൻസെസ്ക അൽബനീസിന് ഏർപ്പെടുത്തിയ ഉപരോധം യു.എസ് ഫെഡറൽ കോടതി താൽക്കാലികമായി സ്റ്റേ ചെയ്ത പശ്ചാത്തലത്തിലാണ് ഇറാന്റെ പ്രതികരണം.
അമേരിക്കൻ നിഘണ്ടുവിൽ മനുഷ്യാവകാശങ്ങൾക്ക് വിലയുള്ളത് അത് ഇസ്രയിൽ ഭരണകൂടത്തിന് ബാധകമാകാതിരിക്കുന്നതുവരെ മാത്രമാണെന്ന് എക്സ് (X) പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിൽ കാസിം ഗരീബാബാദി വ്യക്തമാക്കി.
ഗസ്സയിലെ ക്രൂരതകളിൽ ഇസ്രയിലിനെയും അവരുടെ പിന്തുണക്കാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ, നിയമം സംരക്ഷിക്കുന്നതിന് പകരം ഉപരോധങ്ങളും ഭീഷണികളും വഴി വായടപ്പിക്കാനാണ് വാഷിംഗ്ടൺ ശ്രമിക്കുന്നത്. അന്താരാഷ്ട്ര ക്രിമിനൽ കോടതി വഴി ഇസ്രയിലിനെ വിചാരണ ചെയ്യാൻ ആവശ്യപ്പെട്ടതിന് ഒരു യു.എൻ പ്രതിനിധിക്കെതിരെ ഉപരോധം ഏർപ്പെടുത്തിയത് അമേരിക്കൻ മനുഷ്യാവകാശ നയത്തിന്റെ യഥാർത്ഥ മുഖം തുറന്നുകാട്ടുന്നു. ശത്രുക്കൾക്ക് മനുഷ്യാവകാശവും മിത്രങ്ങൾക്ക് പരമാധികാര പരിരക്ഷയും നൽകുന്ന ഇതേ ഇരട്ടത്താപ്പ് തന്നെയാണ് വർഷങ്ങളായി അന്താരാഷ്ട്ര നീതിന്യായ വ്യവസ്ഥയെ വാഷിംഗ്ടണിന്റെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് പണയപ്പെടുത്താൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമാധിഷ്ഠിത ലോകക്രമത്തെക്കുറിച്ച് സംസാരിക്കാൻ അമേരിക്കയ്ക്ക് അർഹതയില്ലെന്ന് വ്യക്തമാക്കിയ ഇറാൻ മന്ത്രി, യു.എൻ ദൗത്യങ്ങളുടെ സ്വതന്ത്രമായ പ്രവർത്തനവും ഫലസ്തീനിലെ ഇരകളുടെ നീതിക്കായുള്ള അവകാശവും ഇസ്രയിലിനെ സംരക്ഷിക്കാനായുള്ള അമേരിക്കയുടെ താൽപ്പര്യങ്ങൾക്ക് ബലികഴിക്കരുതെന്നും ആവശ്യപ്പെട്ടു.
ഗസ്സയിലെ ഇസ്രയിൽ ആക്രമണങ്ങളെയും യു.എസ് നയങ്ങളെയും പരസ്യമായി വിമർശിച്ചതിനെത്തുടർന്ന് 2025 ജൂലൈയിലാണ് ഫ്രാൻസെസ്ക അൽബനീസിന് മേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത്. എന്നാൽ ഇത് അവരുടെ അഭിപ്രായസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് നിരീക്ഷിച്ചാണ് കഴിഞ്ഞ ദിവസം യു.എസ് ഫെഡറൽ കോടതി ഉപരോധം താൽക്കാലികമായി തടഞ്ഞത്.



