ന്യൂയോര്‍ക്ക് – എണ്ണ സമ്പന്നമായ ഗള്‍ഫില്‍ സുരക്ഷ ഉറപ്പാക്കുന്നതിന് മുമ്പ് ഇറാന് മറ്റൊരു യു.എസ്-ഇസ്രായില്‍ ആക്രമണത്തിനെതിരെ വിശ്വസനീയമായ ഗ്യാരണ്ടി വേണമെന്ന് ഐക്യരാഷ്ട്രസഭയിലെ ഇറാന്‍ പ്രതിനിധി അമീര്‍ സഈദ് ഇറവാനി പറഞ്ഞു. നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്ക് അടച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യാന്‍ ബഹ്റൈന്റെ അഭ്യര്‍ഥന പ്രകാരം ചേര്‍ന്ന യു.എന്‍ രക്ഷാ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു യു.എന്നിലെ ഇറാന്‍ അംബാസഡര്‍. ഹോര്‍മുസ് കടലിടുക്കിന്മേല്‍ നിയന്ത്രണം ചെലുത്തിയതിന് ഡസന്‍ കണക്കിന് രാജ്യങ്ങള്‍ ഇറാനെ യോഗത്തില്‍ അപലപിച്ചു.
ഇറാനെതിരായ ആക്രമണം ശാശ്വതമായി അവസാനിപ്പിക്കുന്നതിലൂടെയും ഇറാന്റെ നിയമാനുസൃതമായ പരമാധികാര അവകാശങ്ങളും താല്‍പ്പര്യങ്ങളും പൂര്‍ണ്ണമായും മാനിക്കുന്നതിലൂടെയും മാത്രമേ അറേബ്യന്‍ ഗള്‍ഫിലും വിശാലമായ മേഖലയിലും ശാശ്വതമായ സ്ഥിരതയും സുരക്ഷയും കൈവരിക്കാന്‍ കഴിയുകയുള്ളൂവെന്ന് ഇറവാനി സെഷനില്‍ വ്യക്തമാക്കി. പിന്നീട് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ഇറവാനി, ലോക രാജ്യങ്ങള്‍ ഇറാനെ മാത്രമാണ് വിമര്‍ശിക്കുന്നതെന്നും അമേരിക്ക പ്രഖ്യാപിച്ച നാവിക ഉപരോധമത്തെ വിമര്‍ശിക്കുന്നില്ലെന്നും പരാതിപ്പെട്ടു.
അമേരിക്ക കടല്‍ക്കൊള്ളക്കാരെയും ഭീകരരെയും പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ബലപ്രയോഗത്തിലൂടെയും ഭീഷണിയിലൂടെയും വാണിജ്യ കപ്പലുകളെ ലക്ഷ്യം വെക്കുന്നു. അവയിലെ ജീവനക്കാരെ ഭയപ്പെടുത്തുന്നു. നിയമവിരുദ്ധമായി കപ്പലുകള്‍ പിടിച്ചെടുക്കുന്നു. ജീവനക്കാരെ ബന്ദികളാക്കുന്നു. എന്നാല്‍ അന്താരാഷ്ട്ര സമുദ്ര ഗതഗാതത്തില്‍ ആശങ്ക പ്രകടിപ്പിച്ചവരില്‍ ആരും ഇന്നത്തെ യോഗത്തില്‍ ഈ ഭീകരാക്രമണത്തെ പരാമര്‍ശിക്കാനോ അപലപിക്കാനോ ധൈര്യപ്പെടുന്നില്ലെന്ന് ഇറാന്‍ അംബാസഡര്‍ ചൂണ്ടികാട്ടി.



