തെഹ്‌റാന്‍– വ്യോമാക്രമണത്തിലൂടെ ഇസ്രായില്‍ കൊലപ്പെടുത്തിയ അലി ലാരിജാനിയുടെ പിന്‍ഗാമിയായി മുന്‍ ഇറാന്‍ പ്രതിരോധ മന്ത്രി ഹുസൈന്‍ ദഹ്ഗാന്‍ ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ പുതിയ സെക്രട്ടറിയായി നിയമിതനായി. റെവല്യൂഷണറി ഗാര്‍ഡിന്റെ മുന്‍ സീനിയര്‍ കമാന്‍ഡറായ ഹുസൈന്‍ ദഹ്ഗാന്‍, ഹസ്സന്‍ റൂഹാനിയുടെ സര്‍ക്കാരിലാണ് പ്രതിരോധ മന്ത്രിയായി സേവനമനുഷ്ഠിച്ചത്. 67 വയസുകാരനായ ലാരിജാനി ഇസ്രായില്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇറാന്‍ കഴിഞ്ഞ ദിവസം ഔദ്യോഗികമായി അറിയിച്ചിരുന്നു. ആക്രമണത്തില്‍ ലാരിജാനിയും അദ്ദേഹത്തിന്റെ മകന്‍ മുര്‍ത്തസയും ഒരു സഹായിയും ഏതാനും കൂട്ടാളികളും കൊല്ലപ്പെട്ടതായി ഇറാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തെഹ്റാന്റെ വടക്കുകിഴക്കായി പര്‍ദീസ് പ്രദേശത്തുള്ള ലാരിജാനിയുടെ മകളുടെ വീട് ലക്ഷ്യമിട്ട് യു.എസ്, ഇസ്രായില്‍ യുദ്ധവിമാനങ്ങള്‍ നടത്തിയ ആക്രമണത്തിലൂടെയാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നും വൃത്തങ്ങള്‍ സൂചിപ്പിച്ചു.
തലസ്ഥാനത്തും മറ്റ് ഇറാന്‍ പ്രദേശങ്ങളിലും ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളുടെ ഒരു പരമ്പരയുടെ ഭാഗമായായി, ചൊവ്വാഴ്ച പുലര്‍ച്ചെ 3:00 മണിയോടെയാണ് പര്‍ദീസ് മേഖലയില്‍ ആക്രമണം നടന്നത്. വ്യോമാക്രമണത്തിന് മണിക്കൂറുകള്‍ക്ക് ശേഷം, ലാരിജാനിയും ഇറാന്റെ ആഭ്യന്തര സുരക്ഷാ സേനയുടെ കമാന്‍ഡറായ അഹ്‌മദ് റെസ റദാനും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ അവിടെയുണ്ടായിരുന്നതായി ചില താമസക്കാര്‍ക്കും പ്രാദേശിക സ്രോതസ്സുകള്‍ക്കും ഇടയില്‍ കിംവദന്തികള്‍ പ്രചരിച്ചു. തെഹ്റാനിലെ തെരുവില്‍ ഖുദ്സ് ഡേ മാര്‍ച്ചില്‍ പങ്കെടുത്ത് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം, ഇസ്രായില്‍ ആക്രമണത്തില്‍ ലാരിജാനി കൊല്ലപ്പെട്ടതായി ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സ് ചൊവ്വാഴ്ച സ്ഥിരീകരിച്ചു. തുടക്കത്തില്‍ മൗനം പാലിച്ച ഇറാന്‍ ഏറെ കഴിഞ്ഞാണ് ലാരിജാനിയുടെ മരണം സ്ഥിരീകരിച്ചത്.



