തെഹ്‌റാൻ: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനും സുസ്ഥിരമായ ഒരു സമാധാന കരാറിലെത്തുന്നതിനും പ്രധാന തടസ്സം അമേരിക്കയുടെ പിടിവാശിയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്‌ചി. നോർവേ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ആൻഡ്രിയാസ് മോട്ട്‌സ്‌ഫെൽഡ് ക്രാവിക്കുമായി തെഹ്‌റാനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അരാഗ്‌ചി ഇറാന്റെ നിലപാട് വ്യക്തമാക്കിയത്. വാഷിംഗ്ടണിന്റെ അമിതമായ ആവശ്യങ്ങളും ഭീഷണിയുടെ സ്വരത്തിലുള്ള സംസാരവും ചർച്ചകളിൽ അവർ പുലർത്തുന്ന ആത്മാർത്ഥതയില്ലായ്മയുമാണ് സമാധാന ശ്രമങ്ങളെ വഴിമുട്ടിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് പുതിയ ചട്ടങ്ങൾ രൂപീകരിക്കുന്ന കാര്യം മന്ത്രി കൂടിക്കാഴ്ചയിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു. കടലിടുക്കിന്റെ തീരദേശ രാജ്യമെന്ന നിലയിൽ, അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി ഈ ജലപാതയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള പുതിയ ക്രമീകരണങ്ങൾ ഇറാൻ ആവിഷ്കരിക്കുകയാണ്. മേഖലയിൽ പുതിയൊരു നിയമക്രമം കൊണ്ടുവരാൻ ഇറാൻ ആലോചിക്കുന്നതായി കഴിഞ്ഞ കുറച്ചു ആഴ്ചകളായി ഉയർന്നു കേട്ട സൂചനകൾക്ക് ഇതോടെ ഔദ്യോഗിക സ്ഥിരീകരണമായി.
മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കേണ്ടതിന്റെ അനിവാര്യത നോർവേ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ആൻഡ്രിയാസ് ക്രാവിക് കൂടിക്കാഴ്ചയിൽ ഊന്നിപ്പറഞ്ഞു. നയതന്ത്രം ശക്തമാക്കാനും സമുദ്ര സുരക്ഷ ഉറപ്പാക്കാനും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ സഹകരിക്കാനും നോർവേ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര ചർച്ചകൾ സജീവമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



