തെഹ്റാന് – അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള സഹകരണം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഇറാന് പാര്‍ലമെന്റ് തീരുമാനം. ഈ തീരുമാനം നടപ്പാക്കാന്‍ ഇറാന് സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ അനുമതി ആവശ്യമാണ്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള സഹകരണം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുള്ള തീരുമാനം അംഗീകാരത്തിനായി സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന് റഫര്‍ ചെയ്യുമെന്ന് പാര്‍ലമെന്റ് അംഗത്തെ ഉദ്ധരിച്ച് ഇറാന് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാനും ഇസ്രായിലും തമ്മിലുള്ള വെടിനിര്‍ത്തല്‍ നിലവില്‍ വന്നതോടെ ഇറാനില്‍ ആണവ പരിശോധനകള്‍ പുനരാരംഭിക്കണമെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസി ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
ഇറാന്റെ ആണവ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള തര്‍ക്കം അവസാനിപ്പിക്കുന്ന വിജയകരമായ നയതന്ത്ര കരാറിലെത്താന്‍ ഏജന്‍സിയുമായി സഹകരണം പുനരാരംഭിക്കേണ്ടത് അത്യാവശ്യമാണെന്ന് ഗ്രോസി പ്രസ്താവനയില്‍ പറഞ്ഞു.
സംയുക്ത പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞും ഉടന്‍ യോഗം ചേരാന്‍ നിര്‍ദേശിച്ചും ഞാന്‍ ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജിക്ക് കത്ത് അയച്ചിട്ടുണ്ട്. ഇറാന്, ഇസ്രായില്‍ സംഘര്‍ഷ ദിവസങ്ങളിലുടനീളം അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി പരിശോധകര് ഇറാനില്‍ തന്നെ തുടര്‍ന്നു. ആണവവസ്തു ശേഖരം പരിശോധിക്കാന്‍ അവര്‍ ഇറാന് ആണവ കേന്ദ്രങ്ങളിലേക്ക് മടങ്ങാന്‍ തയാറാണെന്നും ഗ്രോസി പ്രസ്താവനയില്‍ പറഞ്ഞു. ജൂണ്‍ 13 ന് ഇസ്രായില്‍ വ്യോമാക്രമണം ആരംഭിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി പരിശോധകര് അവസാനമായി ഇറാന് ആണവ കേന്ദ്രങ്ങളില്‍ പ്രവേശിച്ചത്.