തെഹ്‌റാന്‍ – ചാരവൃത്തി ആരോപിച്ച് യൂറോപ്യന്‍ പൗരനെ അറസ്റ്റ് ചെയ്തതായി ഇറാന്‍ അധികൃതര്‍ അറിയിച്ചു. വിനോദസഞ്ചാരി എന്ന വ്യാജേന രാജ്യത്ത് പ്രവേശിച്ച ചാരന്‍ ഇറാനെതിരായ ഇസ്രായില്‍ ആക്രമണത്തിനിടെ രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള സെന്‍സിറ്റീവ് സ്ഥലങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. കൊഹ്ഗിലുയെ പ്രവിശ്യയില്‍ വെച്ചാണ് യൂറോപ്യന്‍ ചാരനെ അറസ്റ്റ് ചെയ്തത്.
മരുഭൂമിയിലെ സുരക്ഷാ സ്ഥലങ്ങളുടെയും പോയിന്റുകളുടെയും ഫോട്ടോകള്‍ അടങ്ങിയ ഫയലും ഇറാന്‍ പൗരന്റെ ഉടമസ്ഥതയിലുള്ള ഏതാനും മൊബൈല്‍ ഫോണുകളും സിം കാര്‍ഡും ഇയാളുടെ കൈവശം കണ്ടെത്തി. രഹസ്യാന്വേഷണ ദൗത്യങ്ങള്‍ നടത്താനായി പ്രതി ഒരു ഇറാന്‍ നഗരത്തില്‍ താമസിച്ചതായി പ്രാഥമികാന്വേഷണങ്ങളില്‍ വ്യക്തമായി. രാജ്യം കടന്നുപോകുന്ന സന്നിഗ്ധ സമയത്ത് വിദേശ ഏജന്‍സികളുമായി പ്രതി ആശയവിനിമയം നടത്തിയതായും സംശയിക്കുന്നുണ്ട്.
മറ്റൊരു സംഭവത്തില്‍, പടിഞ്ഞാറന്‍ ഇറാനിലെ കെര്‍മന്‍ഷാ പ്രവിശ്യയിലെ ഖസറെ ഷിരിന്‍ നഗരാതിര്‍ത്തിയില്‍ ഇസ്രായില്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിനുവേണ്ടി പ്രവര്‍ത്തിച്ചുവെന്നാരോപിച്ച് ആറ് സ്ത്രീകളെ അറസ്റ്റ് ചെയ്തതായും ഇറാന്‍ സുരക്ഷാ സേന അറിയിച്ചു. അറസ്റ്റ് ചെയ്ത സ്ത്രീകള്‍ ഇസ്രായിലിനു വേണ്ടിയുള്ള ചാരവൃത്തിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ദൗത്യങ്ങള്‍ നടത്തിയ ശേഷം രാജ്യം വിടാന്‍ ശ്രമിക്കുകയായിരുന്നെന്ന് സര്‍പോള്‍-ഇ സഹാബിലെ റെവല്യൂഷനറി ഗാര്‍ഡ്സ് കമാന്‍ഡര്‍ കേണല്‍ മുജ്തബ കകായ് പറഞ്ഞു.
മൊസാദുമായി സഹകരിക്കുന്ന സെല്ലുകള്‍ തകര്‍ത്തതായും ഇറാനെതിരായ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതില്‍ ഉള്‍പ്പെട്ട ഡസന്‍ കണക്കിന് ആളുകളെ അറസ്റ്റ് ചെയ്തതായും ആഭ്യന്തര സുരക്ഷക്ക് ഭീഷണിയായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഡ്രോണുകള്‍ നിര്‍മിക്കുന്ന സ്ഥലങ്ങള്‍ അടച്ചുപൂട്ടിയതായും സമീപ ദിവസങ്ങളില്‍ ഇറാന്‍ അറിയിച്ചിരുന്നു.