തെഹ്റാൻ: ചൊവ്വാഴ്ച രാത്രി ഇറാനിൽ അമേരിക്ക നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 11 പേർ കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു. തെക്കുപടിഞ്ഞാറൻ ഇറാനിലെ ഖുസെസ്താൻ പ്രവിശ്യയിൽ നടന്ന മിസൈൽ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കുകിഴക്കൻ ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിലെ കൊഹെസ്താക് നഗരത്തിൽ വിവാഹ പാർട്ടിയിൽ പങ്കെടുക്കുകയായിരുന്ന നാല് പേരും യു.എസ് ആക്രമണത്തിൽ കൊല്ലപ്പെട്ടു.
ഹോർമുസിൽ കടലിടുക്കിൽ മൈനുകളിൽ ഇടിച്ചതിനെ തുടർന്ന് രണ്ട് എണ്ണ ടാങ്കറുകൾക്ക് തീപിടിച്ചതായി ഇറാൻ റെവല്യൂഷണറി ഗാർഡ് പറഞ്ഞു. ഇറാൻ സൈന്യം നിശ്ചയിച്ച റൂട്ടിന് പുറത്ത് ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെ മൈനുകളിൽ ഇടിച്ചതിനെ തുടർന്ന് രണ്ട് എണ്ണ ടാങ്കറുകൾക്ക് തീപിടിക്കുകയായിരുന്നു. എണ്ണ ടാങ്കറുകൾ കടലിടുക്കിൽ അനധികൃത വഴിയിലൂടെ കടന്നുപോകാൻ ശ്രമിച്ചു. മൈനുകളിൽ ഇടിച്ച് ടാങ്കറുകളിൽ സ്ഫോടനങ്ങളുണ്ടായി. നിലവിൽ ടാങ്കറുകളിൽ തീ കത്തിക്കൊണ്ടിരിക്കുകയാണെന്നും റെവല്യൂഷണറി ഗാർഡ് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ തെക്ക് ഭാഗത്ത് വിവാഹ ചടങ്ങിൽ ആക്രമണം നടത്തിയ അമേരിക്കയെ ഇറാന്റെ ചർച്ചാ സംഘം ലീഡറും പാർലമെന്റ് സ്പീക്കറുമായ മുഹമ്മദ് ബാഖർ ഖാലിബാഫ് ‘സാത്താൻ’ എന്ന് വിളിച്ചു. മിനാബ് സ്‌കൂൾ ആക്രമിച്ച് കുട്ടികളെ കൂട്ടക്കൊല ചെയ്തു. ലാമെർഡ് സ്പോർട്സ് ഹാൾ ആക്രമിച്ച് കുട്ടികളെ കൊന്നു. കൊഹെസ്താക് വിവാഹ ചടങ്ങിൽ ആക്രമണം നടത്തി കുടുംബങ്ങളോടൊപ്പം കുട്ടികളെ കൊപ്പെടുത്തി. ഒരു ശക്തി സാത്താനെ പോലെ പ്രവർത്തിക്കുകയും സാത്താനെ പോലെ ലക്ഷ്യങ്ങൾ തെരഞ്ഞെടുക്കുകയും സാത്താനെ പോലെ കൊല്ലുകയും ചെയ്താൽ, അത് സാത്താനാണ്. ഇതേപോലെ ആക്രമണങ്ങൾ നടത്തുന്ന ജൂനിയർ സാത്താനെ സംരക്ഷിക്കുന്നു. അമേരിക്ക ഏറ്റവും വലിയ സാത്താനാണ് – ഖാലിബാഫ് എക്സിലെ പോസ്റ്റിൽ പറഞ്ഞു.
ചൊവ്വാഴ്ച രാത്രി ഹോർമോസ്ഗാനിലെ കൊഹെസ്താകിൽ വിവാഹ ചടങ്ങിൽ യു.എസ് നടത്തിയ മിസൈൽ ആക്രമണത്തിൽ ഇറാൻ റെഡ് ക്രസന്റ് സൊസൈറ്റി അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ നിയമനടപടി ആവശ്യപ്പെട്ടിട്ടുണ്ട്.
കുവൈത്തിൽ തലസ്ഥാന നഗരിയിലെ റെസിഡൻഷ്യൽ കോംപ്ലക്സിൽ പുലർച്ചെ ഇറാൻ ഡ്രോൺ ആക്രമണത്തിലുണ്ടായ അഗ്‌നിബാധ തങ്ങളുടെ ടീമുകൾ നിയന്ത്രണവിധേയമാക്കിയതായി കുവൈത്ത് അഗ്‌നിശമന സേന അറിയിച്ചു. ഹിലാലി, സിറ്റി ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള ടീമുകൾ സംഭവസ്ഥലത്ത് കുതിച്ചെത്തി അഗ്നിശമന പ്രവർത്തനങ്ങൾ ആരംഭിച്ചതായും തീ അണക്കാൻ കഴിഞ്ഞതായും കുവൈത്ത് അഗ്‌നിശമന സേനാ വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽഗരീബ് വിശദീകരിച്ചു. ആളപായമോ പരിക്കുകളോ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.







