തെൽഅവീവ് – ഇസ്രായിലിലെ ബീർഷെബ നഗരത്തിൽ ഇറാൻ നടത്തിയ ശക്തമായ മിസൈൽ ആക്രമണത്തെത്തുടർന്ന് വൻ സ്‌ഫോടനം. നഗരത്തിലെ പ്രധാന കെമിക്കൽ പ്ലാന്റുകളിലൊന്നിലാണ് ആക്രമണമുണ്ടായത്. മിസൈൽ പതിച്ചതിന് പിന്നാലെ പ്ലാന്റ് പൂർണ്ണമായും അഗ്‌നിക്കിരയാകുകയും ആകാശത്തേക്ക് കൂറ്റൻ തീഗോളങ്ങൾ ഉയരുകയും ചെയ്തു. ഇതിന്റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ കിലോമീറ്ററുകളോളം ദൂരത്തിൽ പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനു പുറമെ പ്രദേശവാസികളോട് താമസസ്ഥലത്ത് നിന്ന് പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. അപകടകരമായ രാസവസ്തുക്കൾ വായുവിൽ കലർന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കെമിക്കൽ പ്ലാന്റിലെ രാസവസ്തുക്കൾക്ക് തീപിടിച്ചതോടെ പ്രദേശം കറുത്ത പുകയാൽ മൂടിയിരിക്കുകയാണ്. പ്ലാന്റിനുള്ളിൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഇസ്രായേലിന്റെ മിസൈൽ പ്രതിരോധ സംവിധാനങ്ങളെ മറികടന്നാണ് ഇറാന്റെ ആക്രമണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെത്തുടർന്ന് ബീർഷെബയിലും പരിസര പ്രദേശങ്ങളിലും അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. തീ നിയന്ത്രണവിധേയമാക്കാൻ അഗ്‌നിശമന സേനാംഗങ്ങൾ കഠിനശ്രമം തുടരുകയാണ്. മേഖലയിലെ പ്രധാന റോഡുകളെല്ലാം സൈന്യം അടച്ചു. വരും മണിക്കൂറുകളിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടായേക്കുമെന്ന ഭീതിയിലാണ് രാജ്യം.



