ഏദന്‍ – ഉത്തര യെമനിലെ അല്‍ജൗഫ് ഗവര്‍ണറേറ്റില്‍ ഹൂത്തി കമാന്‍ഡ് സെന്റര്‍ ലക്ഷ്യമിട്ട് യെമന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ നാല് ഇറാന്‍, ലെബനീസ് വിദഗ്ധര്‍ കൊല്ലപ്പെട്ടതായി യെമന്‍ സൈനിക വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അല്‍ജൗഫ് ഗവര്‍ണറേറ്റില്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ ഹൂത്തികള്‍ ഉപയോഗിച്ചിരുന്ന സ്ഥലം ലക്ഷ്യമിട്ടാണ് യെമന്‍ സൈന്യം വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ നാല് വിദേശ വിദഗ്ധര്‍ കൊല്ലപ്പെട്ടു. ഇവരുടെ പേരുവിവരങ്ങള്‍ യെമന്‍ സൈനിക വൃത്തങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
യെമനില്‍ വിവിധ പ്രദേശങ്ങളില്‍ സൈന്യവും ഹൂത്തികളും കനത്ത പോരാട്ടം തുടരുകയാണ്. സൈന്യം നടത്തുന്ന മുന്നേറ്റത്തിനിടെ മിലീഷ്യകള്‍ക്കിടയില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. അല്‍ഹുദൈദ ഗവര്‍ണറേറ്റിലെ അല്‍ജറാഹി ജില്ലയിലും പടിഞ്ഞാറന്‍ തഇസ് ഗവര്‍ണറേറ്റിലെ അല്‍ബറഹ്, ജബല്‍ ഹബശി, മഖ്ബന ജില്ലയിലും ഗവര്‍ണറേറ്റിന്റെ തെക്ക് ഭാഗത്തുള്ള അല്‍ഹുജരിയയിലും ശക്തമായ പോരാട്ടം നടക്കുന്നു. തഇസിലെ അല്‍ബറഹിലും അല്‍ഹുജരിയയിലും തെക്കന്‍ അല്‍ഹുദൈദ ഗവര്‍ണറേറ്റിലെ അല്‍ജറാഹിയിലും യെമന്‍ സൈന്യം മുന്നേറ്റം കൈവരിച്ചതായി സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 284 ലേറെ ഹൂത്തികള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.
കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ 242 ലധികം ഹൂത്തി പോരാളികളുടെ മൃതദേഹങ്ങള്‍ മഖ്ബന ജില്ലയിലെ അല്‍ബറഹ് ആശുപത്രിയിലെത്തിച്ചു. ഇതേ ജില്ലയിലെ സഖം ആശുപത്രിയില്‍ ഫീല്‍ഡ് സൂപ്പര്‍വൈസര്‍മാരുള്‍പ്പെടെ 42 ഹൂത്തികളുടെ മൃതദേഹങ്ങള്‍ എത്തിച്ചതായും സൈനിക വൃത്തങ്ങള്‍ പറഞ്ഞു. കൊല്ലപ്പെട്ടവരെയും പരിക്കേറ്റവരെയും ഇബ്ബിലെയും അല്‍ഹൗബാനിലെയും ആശുപത്രികളിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, അല്‍ഹുദൈദയുടെ തെക്ക് ഭാഗത്തുള്ള ഹെയ്സ് ജില്ലയിലെ അല്‍അദീനില്‍ വെച്ച് ഉന്നത ഹൂത്തി നേതാവിനെ പിടികൂടിയതായി പടിഞ്ഞാറന്‍ തീരത്തെ അസിസ്റ്റന്റ് സുരക്ഷാ ഉദ്യോഗസ്ഥനായ മഅ്മൂന്‍ അല്‍മഹ്ജമി സ്ഥിരീകരിച്ചു. സൈനിക പോരാളികള്‍ ആരംഭിച്ച പ്രത്യാക്രമണത്തിന്റെ ഭാഗമായി അല്‍ജറാഹി ജില്ലയില്‍ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അല്‍സുവൈഹിര പ്രദേശം പൂര്‍ണ്ണമായും ഇന്ന് സൈന്യം പിടിച്ചെടുത്തു. ഇവിടെ ഹൂത്തികള്‍ക്ക് കനത്ത തിരിച്ചടി ലഭിച്ചു. സൈന്യം മുന്നേറ്റം തുടരുകയാണെന്നും മഖ്ബന ജില്ലയിലെ സൈനിക വൃത്തങ്ങള്‍ പറഞ്ഞു. തഇസിന് പടിഞ്ഞാറുള്ള അല്‍ബറഹില്‍ രണ്ട് ഹൂത്തി ഫൈബര്‍ ഒപ്റ്റിക് ഡ്രോണുകള്‍ വെടിവെച്ചിട്ടതായി നാഷണല്‍ റെസിസ്റ്റന്‍സ് ഫോഴ്‌സ് അറിയിച്ചു. അതേസമയം, അല്‍ജറാഹിയുടെ തെക്ക് ഭാഗത്തുള്ള ഹൂത്തി കേന്ദ്രങ്ങള്‍ റെസിസ്റ്റന്‍സ് ഫോഴ്‌സ് ഡ്രോണുകള്‍ തകര്‍ത്തു.
അല്‍ഖൗഖക്ക് തെക്കുള്ള അല്‍ഫജ്റയെയും അല്‍മൊഖ തുറമുഖത്തെയും ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്താന്‍ ശ്രമിച്ച ഹൂത്തികളുടെ സ്ഫോടകവസ്തുക്കള്‍ നിറച്ച രണ്ട് ബോട്ടുകള്‍ നാവിക സേന നശിപ്പിച്ചതായി മിലിട്ടറി മീഡിയ റിപ്പോര്‍ട്ട് ചെയ്തു. ഹൂത്തികളുടെ ആക്രമണങ്ങളില്‍ യെമന്‍ സൈന്യത്തിന്റെ ഭാഗത്തും വലിയ തോതില്‍ ആളപായമുണ്ടായിട്ടുണ്ട്.







