തെഹ്‌റാന്‍ – ഇറാനെതിരായ ആക്രമണങ്ങള്‍ തുടരുന്നിടത്തോളം കാലം വെടിനിര്‍ത്തലില്‍ എത്തിച്ചേരാന്‍ സാധ്യതയില്ലെന്ന് ഇറാന്‍ വിദേശ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ്. ഇറാന്‍ സ്വയം പ്രതിരോധിക്കുന്നത് തുടരും. അമേരിക്ക ദുര്‍ബലമായ ന്യായീകരണങ്ങള്‍ ഉപയോഗിച്ച് ആക്രമണത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ്. നമ്മെ ഭിന്നിപ്പിക്കാനും ദുര്‍ബലപ്പെടുത്താനും അല്ലാതെ യുദ്ധത്തിന് മറ്റൊരു കാരണമോ ന്യായീകരണമോ ഇല്ല. ഇറാന്‍ ജനതയെ പൈശാചികവല്‍ക്കരിക്കാനും അവരെ ഭിന്നിപ്പിക്കാനും അവരുടെ ഇച്ഛാശക്തി തകര്‍ക്കാനും ശ്രമിക്കുന്നവരുണ്ടെന്ന് ഇസ്മായില്‍ ബഗായ് പറഞ്ഞു.
ഇറാന്‍ ശത്രുക്കളുടെ ശവപ്പറമ്പായി മാറും. അമേരിക്ക ഇറാന്‍ എണ്ണ സ്രോതസ്സുകള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുകയും രാജ്യത്തെ ദുര്‍ബലപ്പെടുത്താനും തകര്‍ക്കാനും ലക്ഷ്യമിടുകയും ചെയ്യുന്നു എന്നതില്‍ സംശയമില്ല. നിലവില്‍ രാജ്യത്തെ എല്ലാ ശ്രമങ്ങളും അമേരിക്കന്‍-ഇസ്രായില്‍ ആക്രമണത്തെ നേരിടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. രാജ്യത്ത് നടക്കുന്ന കാര്യങ്ങള്‍ കാരണം എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ഇപ്പോള്‍ അപകടത്തിലാണ്. ആക്രമണങ്ങള്‍ തുടരുന്നിടത്തോളം, പ്രതിരോധത്തെ കുറിച്ചും ശത്രുവിന് തിരിച്ചടി നല്‍കുന്നതിനെ കുറിച്ചും അല്ലാതെ മറ്റൊന്നിനെ കുറിച്ചും സംസാരിക്കുന്നതില്‍ അര്‍ഥമില്ലെന്ന്, വെടിനിര്‍ത്തലിന്റെ സാധ്യതയെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.
മേഖലയിലെ അമേരിക്കന്‍ ഇടപെടല്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയും മിഡില്‍ ഈസ്റ്റിനെ അസ്ഥിരപ്പെടുത്തുകയും ചെയ്തു.
അസര്‍ബൈജാനെയോ തുര്‍ക്കിയെയോ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണത്തിന് ശ്രമിച്ചിട്ടില്ല. അയല്‍ രാജ്യങ്ങളുമായുള്ള നല്ല ബന്ധത്തിന് ഇറാന്‍ ആഗ്രഹിക്കുന്നു. സൈപ്രസിലെ വിദേശ സൈനിക താവളങ്ങളില്‍ ഒന്നില്‍ ആക്രമണം നടത്തിയ പ്രൊജക്ടൈല്‍ ഇറാനില്‍ നിന്നുള്ളതല്ലെന്ന് സൈപ്രസ് വ്യക്തമാക്കിയിട്ടുണ്ട്. നിലപാടുകളും തീരുമാനങ്ങളും എടുക്കുന്നതില്‍ അയല്‍ രാജ്യങ്ങള്‍ തിരക്കുകൂട്ടരുത്. ഇറാന്‍ ഭൂപ്രദേശത്തിന് നേരെ ആക്രമണം നടത്തുന്ന ഏതൊരു സ്ഥലത്തെയും ഇറാന്‍ ലക്ഷ്യമിടും. യുദ്ധത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പങ്കുണ്ടെന്നും ഇസ്മായില്‍ ബഗായ് വ്യക്തമാക്കി.
ഇറാനെതിരായ സൈനിക നടപടി കൂടുതല്‍ ആഴ്ചകള്‍ തുടരുമെന്ന് അമേരിക്കയും ഇസ്രായിലും വ്യക്തമാക്കിയിട്ടുണ്ട്. സംഘര്‍ഷം രൂക്ഷമാകുന്നതിന്റെ അപകടത്തെ കുറിച്ചുള്ള അന്താരാഷ്ട്ര മുന്നറിയിപ്പുകള്‍ ശക്തമായി. ഇറാന്‍ സേന, പ്രത്യേകിച്ച് റെവല്യൂഷണറി ഗാര്‍ഡ്, ഏറ്റുമുട്ടല്‍ ആറ് മാസം നീണ്ടുനിന്നാലും പോരാട്ടം തുടരാനുള്ള തങ്ങളുടെ നിശ്ചയദാര്‍ഢ്യം ആവര്‍ത്തിച്ചു.



