മനാമ– ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചിട്ടതിന് പിന്നാലെ ചരക്ക് കപ്പലുകൾക്ക് നേരെ ഇറാൻ്റെ സായുധ ബോട്ടുകൾ വെടിവെപ്പ് നടത്തി. ശനിയാഴ്ച ഖേഷ്ം, ലാറക് ദ്വീപുകൾക്കിടയിലുള്ള സമുദ്രഭാഗത്താണ് സംഭവം. ആക്രമണത്തെത്തുടർന്ന് കപ്പലുകൾ യാത്ര പൂർത്തിയാക്കാനാകാതെ പാതിവഴിയിൽ നിന്ന് പിന്തിരിഞ്ഞു. ഇറാൻ്റെ റെവല്യൂഷണറി ഗാർഡിൻ്റെ രണ്ട് ഗൺബോട്ടുകൾ തൻ്റെ കപ്പലിന് നേരെ വെടിയുതിർത്തതായി ഒരു ടാങ്കർ കപ്പലിൻ്റെ ക്യാപ്റ്റൻ വെളിപ്പെടുത്തി.
ഒമാൻ തീരത്തിന് 20 നോട്ടിക്കൽ മൈൽ വടക്കുകിഴക്കായി വെച്ചായിരുന്നു ആക്രമണം. ഒരു കണ്ടെയ്നർ കപ്പലിന് നേരെയും വെടിവെപ്പുണ്ടായതായി രാജ്യാന്തര സുരക്ഷാ ഏജൻസികൾ സ്ഥിരീകരിച്ചിട്ടുണ്ട്. വെടിവെപ്പിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ടാങ്കറിലെ ജീവനക്കാർ സുരക്ഷിതരാണെന്നും യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. ഇറാനിയൻ നാവികസേനയുടെ ആക്രമണ നീക്കത്തെത്തുടർന്ന് മേഖലയിൽ കപ്പൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്.
ഹോർമുസ് കടലിടുക്ക് കഴിഞ്ഞ ദിവസം ഇറാൻ തുറന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും അമേരിക്ക കരാർ ലംഘിച്ചുവെന്ന് ആരോപിച്ചാണ് വീണ്ടും അടച്ചിട്ടത്.



