തെഹ്റാൻ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇളയ മകൻ ബാരോൺ ട്രംപിനെ വധിക്കാൻ ഇറാൻ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് ഇറാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുഹ്സിൻ റെസായി വ്യക്തമാക്കി. ഇത് കെട്ടിച്ചമച്ച പ്രചാരണങ്ങളാണെന്നും, ട്രംപിനെ തെറ്റിദ്ധരിപ്പിക്കാൻ ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉണ്ടാക്കിയ നുണ പ്രചാരണങ്ങളാണെന്നും അദ്ദേഹം ടെലിവിഷൻ പ്രസ്താവനയിലൂടെ പറഞ്ഞു.
മുൻ ഇറാൻ പരമോന്നത നേതാവ് അലി ഖാംനയിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതിനെ തുടർന്ന് ഇറാൻ മാധ്യമങ്ങൾ ട്രംപിനും കുടുംബത്തിനുമെതിരെ ഭീഷണി സന്ദേശങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഇറാൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ സംപ്രേഷണം ചെയ്ത മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ബാരോൺ ട്രംപിനെ ലക്ഷ്യമിടുന്ന തരത്തിലുള്ള പരാമർശങ്ങളും ട്രംപ് ടവർ ഉൾപ്പെടെയുള്ള സ്ഥലങ്ങളുടെ ദൃശ്യങ്ങളും ഉണ്ടായിരുന്നു. ഈ വീഡിയോ ബാരോൺ ട്രംപിന്റെ ജീവന് ഭീഷണിയാണെന്ന് യു.എസ് സീക്രട്ട് സർവീസ് സ്ഥിരീകരിക്കുകയും വിഷയം അന്വേഷിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.







