തെഹ്‌റാന്‍ – അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ ആരംഭിക്കണമെങ്കിൽ ലെബനോനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ്. നേരത്തെ സമ്മതിച്ച രണ്ട് നടപടികളായ ലെബനോനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കലും മരവിപ്പിച്ച ഇറാന്‍ സ്വത്തുക്കള്‍ വിട്ടയക്കലും നടപ്പിലാക്കിയാൽ മാത്രമാണ് ചര്‍ച്ചകള്‍ ആരംഭിക്കുകയെന്ന് മുഹമ്മദ് ബാഖര്‍ ഖാലിബാഫ് പറഞ്ഞു. നേരത്തെ ഇരുപക്ഷവും പരസ്പരം സമ്മതിച്ച ഈ രണ്ട് നടപടികള്‍ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുമ്പ് ഈ രണ്ട് കാര്യങ്ങളും നടപ്പിലാക്കണം. ഈ പ്രതിജ്ഞാബദ്ധതകള്‍ നിറവേറ്റുന്നതിന് മുമ്പ് ചര്‍ച്ചകള്‍ ആരംഭിക്കരുതെന്ന് ഖാലിബാഫ് വ്യക്തമാക്കി. വെടിനിര്‍ത്തലിന്റെ നിബന്ധനകളെ കുറിച്ചും ലെബനോനില്‍ ആക്രമണം തുടരുന്നതിനെ കുറിച്ചും വര്‍ധിച്ചുവരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയിലാണ് ഖാലിബാഫിന്റെ പുതിയ പ്രസ്താവന പുറത്തുവന്നത്. ലെബനോനെ വെടിനിര്‍ത്തലില്‍ ഉള്‍പ്പെടുത്താനും അതിനെതിരായ ഇസ്രായിലി ആക്രമണങ്ങള്‍ നിര്‍ത്താനുമുള്ള പ്രതിബദ്ധതകള്‍ അമേരിക്ക പാലിക്കണമെന്ന് ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി ആവശ്യപ്പെട്ടു.
ഇറാനുമായുള്ള ചര്‍ച്ചകള്‍ തടസ്സപ്പെടുന്നതിനെതിരെ യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് മുന്നറിയിപ്പ് നല്‍കി. ചര്‍ച്ചകള്‍ നടക്കുന്ന ഇസ്ലാമാബാദിലേക്ക് വിമാനത്തില്‍ കയറുന്നതിന് മുമ്പ്, ഇറാനുമായി നല്ല ചര്‍ച്ചകള്‍ക്കായി കാത്തിരിക്കുകയാണെന്ന് വാന്‍സ് വ്യക്തമാക്കി. എന്നിരുന്നാലും, അമേരിക്കയെ വഞ്ചിക്കുന്നതിനെതിരെ അദ്ദേഹം ഇറാന് മുന്നറിയിപ്പ് നല്‍കി. ലെബനോന്‍ വിഷയത്തെ കുറിച്ചും ബുധനാഴ്ച പുലര്‍ച്ചെ പാകിസ്ഥാന്‍ പ്രഖ്യാപിച്ച ഇറാനും അമേരിക്കയും തമ്മിലുള്ള താല്‍ക്കാലിക വെടിനിര്‍ത്തലില്‍ ലെബനോനിലെ വെടിനിര്‍ത്തല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്നതിനെ കുറിച്ചും വ്യാപകമായ ആശയക്കുഴപ്പം ഉണ്ടായിരുന്നു. രണ്ടാഴ്ചത്തെ വെടിനിര്‍ത്തലില്‍ ലെബനോന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സ്ഥിരീകരിച്ചു. എന്നാല്‍, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വാന്‍സും പിന്നീട് ലെബനോന്‍ ഉള്‍പ്പെടില്ലെന്ന് അറിയിച്ചു. തുടര്‍ന്ന്, ലെബനോനിലെ ആക്രമണങ്ങള്‍ കുറക്കാന്‍ ട്രംപ് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനുമേല്‍ സമ്മര്‍ദം ചെലുത്തിയതായി അമേരിക്കന്‍ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനുശേഷം ലെബനീസ് അധികൃതരുമായി ചര്‍ച്ചകള്‍ക്ക് ഉത്തരവിട്ടതായി വ്യാഴാഴ്ച വൈകുന്നേരം ടെലിവിഷന്‍ പ്രസംഗത്തില്‍ നെതന്യാഹു അറിയിച്ചു.



