ന്യൂഡല്‍ഹി– രാജ്യാന്തര ബഹിരാകാശ നിലയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി ശുഭാംശു ശുക്ല. 28 മണിക്കൂര്‍ യാത്രയക്കുശേഷമാണ് ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശുവും മറ്റ് മൂന്ന് സഹയാത്രികരും ഐ.എസ്.എസില്‍ എത്തിയത്. പുതിയ അതിഥികളെ നിലയത്തിലെ മറ്റ് 7 അന്തേവാസികള്‍ ആഘോഷപൂര്‍വം വരവേറ്റു. ഇനി 14 ദിവസം തങ്ങുന്നത് ഇവിടെയായിരിക്കും.ആക്‌സിയം ദൗത്യത്തിലെ കമാന്‍ഡറായ പെഗ്ഗി വിറ്റ്‌സന്‍(യു.എസ്) പ്രവേശിച്ചതിനു തൊട്ടുപിന്നാലെ ശുഭാംശു കയറിയതോടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെ ആദ്യ ഇന്ത്യക്കാരന്‍ എന്ന ചരിത്രം പിറന്നു. ശുഭാംശുവിന്റെ നാടായ ലക്‌നൗവില്‍ അദ്ദേഹത്തിന്റെ യാത്ര ആഘോഷമായി. 1984ലെ രാകേഷ് ശര്‍മയുടെ യാത്രക്ക് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പൗരന്‍ ബഹിരാകാശ നിലയത്തിലെത്തുന്നത്.
ഇവിടെ ഒരു കുഞ്ഞിനെപ്പോലെയാണ് താനെന്ന് ബഹിരാകാശ നിലയത്തില്‍ നിന്ന് ശുഭാംശു പറഞ്ഞു. നടക്കാനും ഭക്ഷണം കഴിക്കാനും പരിശീലിക്കുകയാണ്. ആദ്യ ചുവടുകളിലെ പിഴവുകള്‍ പോലും തങ്ങള്‍ പരസ്പരം ആസ്വദിക്കുന്നെന്നും അദ്ദേഹം അറിയിച്ചു. ജൂണ്‍ 26 വൈകിട്ട് ഇന്ത്യന്‍ സമയം നാലുമണിയോടെയാണ് ഇവര്‍ സഞ്ചരിച്ച സ്‌പേസ് എക്‌സ് ഡ്രാഗണ്‍ പേടകം നിലയത്തിന്റെ സെനിത്ത് ഹാര്‍മണി കവാടവുമായി ബന്ധിച്ചത് (ഡോക്കിങ്). ഡോക്കിങ് പൂര്‍ത്തിയാക്കി പേടകത്തെ ബഹിരാകാശ നിലയവുമായി 12 ഹുക്കുകളാല്‍ ബന്ധിപ്പിച്ചു.
Read more: ‘ഞാന്‍ കുഞ്ഞാണ് ‘, രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരന്‍