ഗാസ – ഇസ്രായില്‍ കഴിഞ്ഞ ദിവസം കൈമാറിയ മുപ്പത് രക്തസാക്ഷികളുടെ മൃതദേഹങ്ങളും ഗുരുതരമായി അഴുകിയ നിലയിലാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ മുനീര്‍ അല്‍ബര്‍ശ് വ്യക്തമാക്കി. മിക്ക മൃതദേഹങ്ങളും വെറും അസ്ഥികളാണ്. ചിലത് തിരിച്ചറിയാന്‍ കഴിയാത്ത നിലയിലുമാണ്. ഇസ്രായില്‍ ഫലസ്തീനികളെ പീഡിപ്പിച്ച് കൊന്ന ശേഷം മൃതദേഹങ്ങള്‍ കുഴിച്ചിടുകയായിരുന്നുവെന്ന് മുനീര്‍ അല്‍ബര്‍ശ് പറഞ്ഞു.
മൃതദേഹങ്ങൾ കൈമാറാനായപ്പോൾ മണലില്‍ നിന്ന് പുറത്തെടുത്ത് മോര്‍ച്ചറികളിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇത് ശരീരഭാഗങ്ങള്‍ അപ്രത്യക്ഷമാകാനും അവയില്‍ മിക്കതും പൂര്‍ണമായും അഴുകാനും കാരണമായി. ചില മൃതദേഹങ്ങളില്‍ വസ്ത്രങ്ങളും ചെരുപ്പുകളും ഉണ്ടായിരുന്നുവെങ്കിലും അവയുടെ രൂപഭാവങ്ങള്‍ വ്യക്തമല്ലെന്നും മുനീര്‍ അല്‍ബര്‍ശ് കൂട്ടിചേർത്തു. എങ്കിലും വസ്ത്രങ്ങളും ചെരുപ്പുകളും നോക്കി കുടുംബങ്ങള്‍ക്ക് മൃതദേഹങ്ങൾ തിരിച്ചറിയാന്‍ കഴിഞ്ഞേക്കും.കുടുംബങ്ങള്‍ക്ക് അവ കാണാന്‍ അവസരം നല്‍കും. ഗാസയിലെ വെടിനിര്‍ത്തലിനു ശേഷം ഇസ്രായില്‍ കൈമാറിയ 255 മൃതദേഹങ്ങളില്‍ 75 രക്തസാക്ഷികളെ അവരുടെ കുടുംബങ്ങള്‍ തിരിച്ചറിഞ്ഞു. തിരിച്ചറിയാത്ത 120 രക്തസാക്ഷികളെ മറവു ചെയ്തതായും മുനീര്‍ അല്‍ബര്‍ശ് പറഞ്ഞു.



