ഗാസ – യുദ്ധാനന്തര ഗാസയുടെ ഭരണത്തില്‍ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ഇടപെടുന്നത് അംഗീകരിക്കില്ലെന്ന് മുതിര്‍ന്ന ഹമാസ് നേതാവ് ബാസിം നഈം. ഫലസ്തീനികള്‍ക്കും അറബികള്‍ക്കും മുസ്‌ലിംകള്‍ക്കും ഒരുപക്ഷേ ലോകമെമ്പാടുമുള്ള മറ്റ് ജനങ്ങൾക്കും അദ്ദേഹത്തെ കുറിച്ച് മോശ ഓർമകൾ മാത്രമാണുള്ളത്, അഫ്ഗാനിസ്ഥാനിലും ഇറാഖിലും ലക്ഷക്കണക്കിന് നിരപരാധികളായ സാധാരണക്കാരെ കൊന്നൊടുക്കുന്നതിൽ ബ്ലെയറിന്റെ പങ്കു എല്ലാവർക്കും ഓർമയുണ്ട് , അതിനാൽ തന്നെ ടോണി ബ്ലെയര്‍ ഗാസയുടെ കാര്യത്തിൽ ഇടപെടുന്നത് അംഗീകരിക്കില്ലെന്നാണ് ബാസിം നഈം പറഞ്ഞത്. ബ്രിട്ടീഷ് നെറ്റ്‌വര്‍ക്ക് ആയ സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ബാസിം കാര്യം വ്യക്തമാക്കിയത്.
ഗാസയിലെ ഭരണകാര്യങ്ങൾ മേൽനോട്ടം വഹിക്കാനായി പീസ് കൗൺസിൽ സമിതി രൂപീകരിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഈ സമിതിയിൽ ബ്ലെയർ അംഗമാകുമെന്ന റിപ്പോർട്ടുകൾക്കെതിരെയാണ് ഹമാസ് നേതാവ് പ്രതികരിച്ചത്.
അതേസമയം ഇസ്രായിൽ – ഹമാസ് യുദ്ധത്തിൽ വെടി നിർത്തൽ കരാർ നിർമ്മിക്കുന്നതിൽ നിർണായ പങ്കു വഹിച്ച ട്രംപിന് നന്ദിയും രേഖപ്പെടുത്തി. ട്രംപ് ഇടപെടൽ കാരണമാണ് വെടി നിർത്തൽ സാധ്യമായതെന്നും ഇനിയും തുടരണമെന്നും നഈം അഭ്യർത്ഥിച്ചു