ന്യൂയോര്‍ക്ക് – കിഴക്കന്‍ ജറൂസലമിലെ ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ദുരിതാശ്വാസ, വര്‍ക്ക്‌സ് ഏജന്‍സിയുടെ ആസ്ഥാനത്ത് ഇസ്രായില്‍ നടത്തിയ റെയ്ഡിനെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ശക്തമായി അപലപിച്ചു. ഈ ആസ്ഥാനം ഐക്യരാഷ്ട്രസഭയുടെ സ്വത്തായി തുടരുന്നു. അത് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അത് ലംഘിക്കാന്‍ പാടില്ലാത്തതാണ്. യു.എന്‍ സ്വത്ത് എന്നോണമുള്ള സംരക്ഷണം ലംഘിക്കാനോ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകള്‍ക്ക് വിധേയമാക്കാനോ പാടില്ലയെന്ന് ഗുട്ടെറസ് പറഞ്ഞു. യു.എന്‍ റിലീഫ് ഏജന്‍സി ആസ്ഥാനത്തിന്റെ പവിത്രത പുനഃസ്ഥാപിക്കാനും സംരക്ഷിക്കാനും പിന്തുണക്കാനും ഏജന്‍സിക്കെതിരായ കൂടുതല്‍ നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കാനും ആവശ്യമായ എല്ലാ നടപടികളും ഉടന്‍ സ്വീകരിക്കണമെന്ന് ഞാന്‍ ഇസ്രായിലിനോട് അഭ്യര്‍ഥിക്കുന്നുവെന്നും ഗുട്ടെറസ് കൂട്ടിചേർത്തു.
യു.എന്‍ അംഗരാജ്യമെന്ന നിലയില്‍, യു.എന്‍ ആസ്ഥാനങ്ങളുടെ പവിത്രത സംരക്ഷിക്കാനും മാനിക്കാനുമുള്ള ഇസ്രായിലിന്റെ ബാധ്യതയോടുള്ള അവഗണനയാണ് ഈ നടപടിയെന്ന് യു.എന്‍ റിലീഫ് ഏജന്‍സി കമ്മീഷണര്‍ ജനറല്‍ ഫിലിപ്പ് ലസാരിനി എക്‌സ് പ്ലാറ്റ്ഫോമില്‍ എഴുതി. ഇത് അനുവദിക്കുന്നത് അന്താരാഷ്ട്ര നിയമത്തോടുള്ള പുതിയ വെല്ലുവിളിയാണ്. ലോകത്ത് യു.എന്‍ ആസ്ഥാനങ്ങള്‍ നിലവിലുള്ള മറ്റെവിടെയും ആവര്‍ത്തിക്കാവുന്ന അപകടകരമായ കീഴ്വഴക്കം സൃഷ്ടിക്കുന്ന വെല്ലുവിളിയാണിതെന്നും ലസാരിനി പറഞ്ഞു.
കിഴക്കന്‍ ജറൂസലമിലെ യു.എന്‍ റിലീഫ് ഏജന്‍സി ആസ്ഥാനത്ത് ഇസ്രായില്‍ അധികൃതര്‍ റെയ്ഡ് നടത്തി അതിന് മുകളില്‍ ഇസ്രായില്‍ പതാക ഉയര്‍ത്തുകയായിരുന്നു. നികുതി അടക്കാത്തതിനാല്‍ പുറപ്പെടുവിച്ച ഉത്തരവ് പാലിച്ചാണ് റെയ്ഡ് നടത്തിയതെന്ന് ഇസ്രായിലിന്റെ വാദം. റെയ്ഡിനെ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായി വിശേഷിപ്പിച്ച് യു.എന്‍ റിലീഫ് ഏജന്‍സി അപലപിച്ചു. ഇസ്രായില്‍ പക്ഷപാതം കാണിക്കുന്നുവെന്ന് ആരോപിക്കുന്ന ഏജന്‍സി, എല്ലാ ആസ്ഥാനങ്ങളും ഒഴിപ്പിക്കാനും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താനും ഇസ്രായില്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് ഈ വര്‍ഷം തുടക്കം മുതല്‍ കെട്ടിടം ഉപയോഗിച്ചിട്ടില്ല.
1.1 കോടി ഷെക്കല്‍ (34 ലക്ഷം ഡോളര്‍) തുകയുടെ സ്വത്ത് നികുതി അടക്കാത്തതിനാല്‍ നിരവധി മുന്നറിയിപ്പുകള്‍ നല്‍കുകയും ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പാലിക്കുകയും ചെയ്ത ശേഷമാണ് നികുതി പിരിവുകാര്‍ യു.എന്‍ റിലീഫ് ഏജന്‍സി കോമ്പൗണ്ടില്‍ പ്രവേശിച്ചതെന്ന് ജറൂസലം മുനിസിപ്പാലിറ്റി പറഞ്ഞു. ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥനകള്‍, മുന്നറിയിപ്പുകള്‍, പണമടക്കാന്‍ അനുവദിച്ച നിരവധി അവസരങ്ങള്‍ എന്നിവയെല്ലാം അവഗണിക്കപ്പെട്ടു. പിരിച്ചെടുക്കേണ്ട വലിയ കടമാണിതെന്നും ജറൂസലം മുനിസിപ്പാലിറ്റി വ്യക്തമാക്കി.
യു.എന്‍ റിലീഫ് ഏജന്‍സി പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്രായില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടും കിഴക്കന്‍ ജറൂസലമിലെ ഏജന്‍സിയുടെ ആസ്ഥാനം യു.എന്‍ റിലീഫ് ഏജന്‍സി ആസ്ഥാനമായി തുടരുന്നുവെന്നും ഏജന്‍സി മുനിസിപ്പാലിറ്റിക്ക് യാതൊരു പണവും നല്‍കാനില്ലെന്നും അമ്മാനില്‍ നിന്ന് ടെലിഫോണില്‍ സംസാരിച്ച ഏജന്‍സി വക്താവ് ജോനാഥന്‍ ഫൗളര്‍ പറഞ്ഞു. ഇസ്രായില്‍ ഒപ്പുവെച്ച യു.എന്‍ കണ്‍വെന്‍ഷന്‍ പ്രകാരമുള്ള ബാധ്യതകളെ കുറിച്ച് ഓര്‍മ്മിപ്പിക്കാന്‍ യു.എന്‍ നിരവധി തവണ ഇസ്രായില്‍ അധികൃതരെ ബന്ധപ്പെട്ടിരുന്നു. യു.എന്‍ റിലീഫ് ഏജന്‍സിക്കെതിരെ ഇസ്രായില്‍ നിരന്തരമായി തെറ്റായ പ്രചാരണം നടത്തുകയാണെന്നും അതിന്റെ ഉത്തരവാദിത്തങ്ങള്‍ മറ്റ് യു.എന്‍ ഏജന്‍സികള്‍ക്ക് കൈമാറാന്‍ ശ്രമിക്കുകയാണെന്നും ജോനാഥന്‍ ഫൗളര്‍ ചൂണ്ടികാണിച്ചു.
1949 ല്‍ സ്ഥാപിതമായ യു.എന്‍ റിലീഫ് ഏജന്‍സിയുടെ കാലാവധി വെള്ളിയാഴ്ച മൂന്ന് വര്‍ഷത്തേക്ക് കൂടി യു.എന്‍ പുതുക്കി. അഭയാര്‍ഥികളെന്ന നിലയില്‍ തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതുമായി, പ്രത്യേകിച്ച് 1948 ല്‍ ഇസ്രായില്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനിടയില്‍ തങ്ങളോ തങ്ങളുടെ പൂര്‍വ്വികരോ പലായനം ചെയ്തതോ പുറത്താക്കപ്പെട്ടതോ ആയ വീടുകളിലേക്ക് മടങ്ങാനുള്ള പ്രതീക്ഷയുമായി യു.എന്‍ റിലീഫ് ഏജന്‍സിയുടെ സാന്നിധ്യം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതായി ഫലസ്തീനികള്‍ കരുതുന്നു.



